കരാറുകാരന്റെ മരണം; കുറ്റക്കാരെ വെള്ളപൂശി കോൺഗ്രസ്‌ നേതൃത്വം: പരക്കെ പ്രതിഷേധം

കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേലിന്റെ മരണത്തെക്കുറിച്ചുള്ള കെപിസിസി സമിതി അന്വേഷണം പ്രഹസനമായതിൽ പരക്കെ അമർഷം. കെ കരുണാകരൻ ട്രസ്‌റ്റിന്റെ മറവിൽ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ വെട്ടിപ്പും ജോസഫിനോടുള്ള ക്രൂരതകളും നേരിൽ ബോധ്യപ്പെട്ടിട്ടും കണ്ണടയ്‌ക്കുകയാണ്‌ വി എ നാരായണൻ, ടി സിദ്ദിഖ്‌, കെ പി അനിൽകുമാർ എന്നിവരടങ്ങിയ കമീഷൻ. ട്രസ്‌റ്റിന്റെ പണമിടപാടുകൾ സുതാര്യമായിരുന്നില്ലെന്നും പാർടിയുടെ പേര്‌ ദുരുപയോഗപ്പെടുത്തിയെന്നും മാത്രമാണ്‌ കെപിസിസി പ്രസിഡന്റിനു സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ കമീഷൻ പറയുന്നത്‌. വിശദറിപ്പോർട്ട്‌ അടുത്ത മാസം നൽകുമെന്നും അവകാശപ്പെടുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ള കൺകെട്ടുവിദ്യയാണിതെന്നാണ്‌ ആക്ഷേപം.
ജോസഫിന്റെ കുടുംബത്തിന്‌ നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വം തുടക്കംമുതൽ പറഞ്ഞത്‌. മൂന്നംഗ അന്വേഷണ കമീഷനെ നിയോഗിച്ച കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പാർടിയിലെ ആർക്കെങ്കിലും ഈ സംഭവവുമായി ബന്ധമുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഉറപ്പു നൽകി. എന്നാൽ, ഈ ഉറപ്പുകളെല്ലാം വിഴുങ്ങുകയാണിപ്പോൾ.
ട്രസ്‌റ്റ്‌ ഭാരവാഹികൾ നൽകാനുള്ള ഭീമമായ തുക ലഭിക്കാത്തതിനെ തുടർന്നാണ്‌ ജോസഫിന്റെ മരണമെന്നാണ്‌ കുടുംബം പറഞ്ഞത്‌. കോൺഗ്രസ്‌ നേതാക്കൾതന്നെ ഇടപെട്ട്‌ 60 ലക്ഷം രൂപ കൊടുപ്പിച്ചതിലൂടെ ഇത്‌ സത്യമാണെന്ന്‌ തെളിഞ്ഞു. മരണത്തിന്റെ ഉത്തരവാദിത്തം ആർക്കെന്നതു മാത്രമായിരുന്നു പിന്നീടുള്ള ചോദ്യം. പൊലീസ്‌ അന്വേഷണത്തിലൂടെ ഇതിനും ഉത്തരമായി. ട്രസ്‌റ്റിന്റെയും ചെറുപുഴ ഡവലപ്പേഴ്‌സിന്റെയും ഭാരവാഹികളായ കെ കുഞ്ഞികൃഷ്‌ണൻ നായർ, റോഷി ജോസ്‌, അബ്ദുൾ സലിം എന്നിവർ അറസ്‌റ്റിലായി ജയിലിൽ കഴിയുന്നു. കുഞ്ഞികൃഷ്‌ണൻ നായരുടെ മകനും മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റുമായ കെ കെ സുരേഷ്‌ കുമാർ ഒളിവിലും. ട്രസ്‌റ്റിന്റെ മറവിൽ സാമ്പത്തിക തിരിമറിയും വിശ്വാസവഞ്ചനയും നടത്തിയ കേസിലും കുഞ്ഞികൃഷ്‌ണൻ നായരടക്കമുള്ളവർ പ്രതികളാണ്‌.
കാര്യങ്ങളൊക്കെ വ്യക്തമായിട്ടും കോൺഗ്രസ്‌ നേതൃത്വം ഒളിച്ചുകളിക്കുന്നതിൽ ചെറുപുഴ മേഖലയിൽ ശക്തമായ പ്രതിഷേധമുയരുകയാണ്‌. പ്രതികൾക്ക്‌ കോൺഗ്രസുമായി ഇപ്പോൾ ബന്ധമൊന്നുമില്ലെന്ന കെപിസിസി നിലപാടിനെയും ആക്‌ഷൻ കമ്മിറ്റിയും നാട്ടുകാരും ചോദ്യംചെയ്യുന്നു. കെപിസിസി മുൻ നിർവാഹകസമിതി അംഗമായ കുഞ്ഞികൃഷ്‌ണൻ നായർ നിലവിൽ കെപിസിസി പ്രത്യേക ക്ഷണിതാവാണ്‌. കോൺഗ്രസ്‌ പുളിങ്ങോം മണ്ഡലം പ്രസിഡന്റായിരുന്ന റോഷി ജോസ് പോക്‌സോ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന്‌ രാജിവയ്‌ക്കുകയായിരുന്നു. ഇപ്പോഴും പാർടിയുടെ പ്രാഥമികാഗം. ഒളിവിൽ കഴിയുന്ന സുരേഷ്‌ കുമാറും പ്രാഥമികാംഗമാണ്‌. കാസർകോട്‌ ഡിസിസി ജനറൽ സെക്രട്ടറിയും പ്രതിസ്ഥാനത്തുണ്ട്‌. ഇവർക്കെതിരെ എന്തുകൊണ്ട്‌ കോൺഗ്രസ്‌ നേതൃത്വം അച്ചടക്കനടപടി സ്വീകരിക്കുന്നില്ലെന്ന്‌ ആക്‌ഷൻ കമ്മിറ്റി വർക്കിങ്‌ ചെയർമാൻ ജെയിംസ്‌ പന്തമാക്കൽ ചോദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: