തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതോ? ഗൂഢാലോചനയുടെ തെളിവെന്ന പേരില്‍ വാട്സാപ് സന്ദേശങ്ങള്‍ പുറത്ത്

കോടികളുടെ ചെക്ക് കേസില്‍ യുഎഇയില്‍ അറസ്റ്റിലായി നിയമ നടപടി നേരിടുന്ന ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതെന്ന് സംശയിക്കുന്ന തെളിവുകളുമായി മാധ്യമങ്ങള്‍. തുഷാറിനെതിരെ പരാതി നല്കിയ അജ്മാനിലെ യുവ വ്യവസായി നാസില്‍ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തുവന്നത്. വാട്സാപ് ക്ലിപ്പുകളിലെ ശബ്ദം പരാതിക്കാരനായ നാസില്‍ അബ്ദുല്ലയുടേതാണെന്നു തെളിഞ്ഞാല്‍ കേസിന്റെ ഗതി തന്നെ മാറുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ വേണ്ടി താന്‍ തയാറാക്കിയ പദ്ധതി വിശദീകരിച്ച് കബീര്‍ എന്നയാളോട് പേരു വെളപ്പെടുത്താത ഒരു വ്യക്തി സംസാരിക്കുന്നതാണ് വാട്സാപ് സന്ദേശങ്ങളുടെ ഉള്ളടക്കം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തിലുള്ള ഇരുപതോളം ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം രാത്രി മാധ്യമങ്ങള്‍ക്കു ലഭിച്ചത്. നാട്ടില്‍ നിന്ന് ചെക്ക് സംഘടിപ്പിച്ചാണ് ഗൂഢാലോചന നടത്തിയിട്ടുള്ളതെന്നുള്ള സൂചനയും സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സന്ദേശങ്ങളില്‍ ഒന്നില്‍ ആദ്യം താന്‍ 10 ലക്ഷം ദിര്‍ഹത്തിന്റെ കേസാണ് നല്‍കുന്നതെന്ന് പറയുന്നുണ്ട്. എന്നാല്‍ പിന്നീട്, 60 ലക്ഷത്തില്‍ കൂടുതല്‍ ദിര്‍ഹമിന്റെ കേസ് നല്‍കരുതെന്ന് തനിക്ക് നിയമോപദേശം ലഭിച്ചതായും സൂചിപ്പിക്കുന്നു.ഷാര്‍ജയിലോ മറ്റോ തുഷാറിനെതിരെ ചെക്ക് കേസ് നല്കി ‘പൂട്ടുകയാണു’ തന്റെ ലക്ഷ്യമെന്ന് പറയുന്ന ഒരു സന്ദേശത്തില്‍
25,000 ദിര്‍ഹം നല്കിയാല് ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും പറയുന്നുണ്ട്. കേസിന് ബലം നല്‍കാനുള്ള രേഖകളൊക്കെ താന്‍ സംഘടിപ്പിച്ച് വരികയാണെന്നും സന്ദേശത്തില്‍ ഇയാള്‍ വ്യക്തമാക്കുന്നു. കൂടാതെ തുഷാര്‍ അടുത്തു തന്നെ യുഎഇയിലെത്തും, ഇതോടെ കേസില്‍ കുടുങ്ങും, അങ്ങനെയുണ്ടായാല്‍ പണം പറന്നുവരുമെന്നുമാണ് പ്രതീക്ഷയെന്ന് പറയുന്നതിനൊപ്പം നാട്ടില്‍ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപ നല്കിയാല് കബീറിന് യുഎഇയിലേക്ക് വരാമെന്നും ഫിഫ്റ്റി ഫിഫ്റ്റി ലാഭത്തില്‍ ബിസിനസ് ഒരുക്കിക്കൊടുക്കുമെന്നും സന്ദേശം വാഗ്ദാനം ചെയ്യുന്നുണ്ട്.