എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധം: മുഖ്യ ആസൂത്രകൻ പിടിയിൽ

കണ്ണൂർ: കണ്ണവത്തെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ

സൂത്രധാരൻ പിടിയിൽ. പോപ്പുലർ ഫ്രണ്ട് ഉരുവച്ചാൽ ഡിവിഷൻ പ്രസിഡന്റ് വി.എം.സലീമാണ് പിടിയിലായത്. ഒളിവിൽ പോയ സലീം കർണാടക മഹാരാഷ്ട്ര അതിർത്തിയിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടെ നിന്നാണ് പേരാവൂർ പൊലീസ് സലീമിനെ പിടികൂടിയത്. കഴിഞ്ഞ ജനുവരി പത്തൊൻപതിനാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കണ്ണവത്തുവച്ച് കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ എണ്ണം ആറായി.

ആർഎസ്എസ് കണ്ണവം പതിനേഴാംമൈൽ ശാഖ മുഖ്യശിക്ഷകും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാർഥിയുമായിരുന്നു കൊല്ലപ്പെട്ട ശ്യാമപ്രസാദ്. കൊലനടത്തിയവരെന്നു കരുതുന്ന നാലംഗ സംഘത്തെ കൊല നടന്ന അന്നു തന്നെ വയനാട് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വൈകിട്ട് അഞ്ചുമണിയോടെ തലശ്ശേരി–നെടുംപൊയിൽ റോഡിൽ സുഹൃത്തിനെ പിന്നിലിരുത്തി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മുഖംമൂടി സംഘം കാറിലെത്തി ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സുഹൃത്ത് ഓടിരക്ഷപ്പെട്ടു. വെട്ടേറ്റ ശ്യാമപ്രസാദ് ഇടവഴിയിലൂടെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വാതിൽ പൂട്ടിയിരുന്നതിനാൽ അകത്തു കടക്കാനായില്ല. പിന്നാലെ എത്തിയ അക്രമികൾ വരാന്തയിൽ വെട്ടിവീഴ്ത്തുകയായിരുന്നു.അക്രമി സംഘമെത്തിയ കാറിന്റെ നമ്പർ മറച്ചിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ശ്യാമപ്രസാദിന്റെ നിലവിളി കേട്ടു സമീപത്തു നിന്ന് ഓടിയെത്തിയ തൊഴിലുറപ്പു തൊഴിലാളികളെയും അക്രമികൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. കൂടുതൽ ആളുകൾ ഓടിയെത്തിയപ്പോഴേക്കു സംഘം കാറിൽ സ്ഥലം വിട്ടു. വീട്ടിലുണ്ടായിരുന്നവരും ഓടിക്കൂടിയവരും ചേർന്നു ശ്യാമപ്രസാദിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും വഴിയിൽ മരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: