ഓർമ്മയാകുമോ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ?
പാപ്പിനിശ്ശേരി ∙ അവഗണനയാൽ ലാഭകരമല്ലാതാവുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം നിർത്താനുള്ള ചൂളംവിളി അങ്ങകലെ കേട്ടുതുടങ്ങി. നാട്ടുകാർ ജാഗ്രതൈ. കണ്ണൂർ, മംഗളൂരു ഭാഗങ്ങളിലേക്ക് മൂന്നു വീതം പാസഞ്ചർ ട്രെയിൻ മാത്രം നിർത്തുന്ന ഈ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ പോലും ആരും മിനക്കെടാറില്ല. ദിവസേന ഇരുന്നൂറോളം യാത്രക്കാർ മാത്രമാണ്, സ്റ്റേഷനെ ആശ്രയിക്കുന്നത്. ടിക്കറ്റ് വിൽപനയിൽ കാര്യമായ വർധനയില്ലാത്തതിനാൽ അധികൃതരുടെ പരിഗണനയില്ലാതാവുന്നു. യാത്രക്കാരെ ആകർഷിക്കുവാൻ കൂടുതൽ എക്സ്പ്രസ് ട്രെയിൻ നിർത്തുകയെന്ന നാട്ടുകാരുടെ ആവശ്യത്തിനു പോലും സാധ്യതയില്ലാതായി.
അതോടൊപ്പം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ല. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ മേൽക്കൂരയ്ക്ക് നീളവുമില്ല. ചിലയിടത്ത് തകരുകയും ചെയ്തു. യാത്രക്കാർ കുടപിടിക്കണം. 1906 ൽ തളിപ്പറമ്പ് റോഡ് റെയിൽവേ സ്റ്റേഷൻ എന്ന പേരിൽ തുടങ്ങിയ സ്റ്റേഷനാണിത്. തളിപ്പറമ്പ്-കണ്ണൂർ ദേശീയപാത ചുങ്കത്തിനു സമീപം ഏറ്റവും അടുത്തായതിനാൽ മലയോര മേഖലയിലടക്കമുള്ള യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരുന്നു. ജില്ലയിലെ പ്രധാന വാണിജ്യ വ്യവസായ കേന്ദ്രമായ ഇവിടം നേരത്തെ ചകിരി, കോട്ടൺതുണി എന്നിവയടക്കമുള്ള ചരക്കു നീക്കത്തിനു പേരുകേട്ട സ്റ്റേഷൻ ഇന്ന് ആളില്ലാതെ അനാഥമാവുന്നു.