സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ സെമിനാർ നാളെ

കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരക്ക് നാളെ തുടക്കമാകും.
ബുധനാഴ്ച വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ മുതിർന്ന സിപിഐഎം നേതാവ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ. കെ എൻ ഗണേഷ് വിഷയാവതരണം നടത്തും. സ്വാതന്ത്ര്യത്തിനായി ജനങ്ങൾക്കൊപ്പം എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.
സ്വാതന്ത്ര്യ സമര സേനാനി എകെജിക്ക് ചടങ്ങിൽ ആദരം നൽകുന്നതിന്റെ ഭാഗമായി എകെജിയുടെ മകൾ ലൈലയെ ആദരിക്കും. സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കവിയൂർ രാജഗോപാലനെയും ആദരിക്കും.
തുടർന്ന് ജില്ലയിലെ സ്വാതന്ത്ര്യ സമര പോരാട്ട കേന്ദ്രങ്ങളായ 15 സ്ഥലങ്ങളിൽ പ്രാദേശിക സെമിനാറുകളും നടത്തും. സ്വാതന്ത്ര്യ സമര സേനാനികളെ ചടങ്ങിൽ ആദരിക്കും.