ദുരന്തമേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്ക്,
അപകട മേഖലകളിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും;നഷ്ടപരിഹാരം നൽകാൻ പരിശോധന നടത്തും


കണ്ണൂർ ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടി പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ച സാഹചര്യത്തിൽ അപകട സാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപാർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശം നൽകി. ഇതിന് തദ്ദേശസ്ഥാപനങ്ങളും റവന്യു വകുപ്പ് അധികൃതരും നേതൃത്വം നൽകും. പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ കണിച്ചാൽ വില്ലേജ് താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ റഹീമിന്റെ രണ്ടര വയസ്സുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരാണ് മരിച്ചത്. ഉരുൾപൊട്ടി ഗതാഗതം പൂർണമായി നിർത്തിവെച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കണ്ണൂർ, വയനാട് പൊതുമരാമത്ത് വകുപ്പുകൾ സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുകയാണ്. ചന്ദ്രൻ തോടിന് താഴെ മൂന്ന് കിലോ മീറ്ററോളം റോഡാണ് മണ്ണിടിച്ചിലിൽ തകർന്നത്. മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ഭാഗികമായെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ആഗസ്ത് ഏഴ് ഞായറാഴ്ച വരെ നിർത്തിവെക്കാനും യോഗം തീരുമാനിച്ചു. ഉരുൾപൊട്ടൽ നാശം വിതച്ച ദുരന്തമേഖലകളിലേക്ക് സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്താൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി നിർദേശം നൽകി. സന്ദർശക പ്രവാഹം അപകട സാധ്യത വർധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവർത്തനത്തേയും ദുരന്തനിവാരണ പ്രവർത്തനങ്ങളേയും ബാധിക്കുന്നുണ്ട്. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ച് നൽകാൻ ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കള ഒരുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കനത്ത മഴയിൽ ഒറ്റപ്പെടുന്ന ആദിവാസി കോളനികൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ആവശ്യത്തിന് ഭക്ഷണവും മറ്റും എത്തിക്കാനും പട്ടിക വർഗ വികസന വകുപ്പിനും റവന്യു വകുപ്പിനും നിർദേശം നൽകി. അടിയന്തരഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ ദുരിതാശ്വാസ ക്യാമ്പിനുള്ള സംവിധാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർണ സജ്ജമാക്കി നിർത്തണം. കൺട്രോൾ റൂം സംവിധാനവും ഒരുക്കണം. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കി ധനസഹായം ലഭ്യമാക്കാൻ പ്രത്യേക റവന്യു സംഘങ്ങളെ നിയോഗിക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഥാസമയം ഇടപെടാൻ പ്രാേദശിക തലങ്ങളിൽ യോഗങ്ങൾ ചേർന്ന് ദുരന്ത നിവാരണ നടപടികൾ കൈക്കൊള്ളാനും നിർദേശം നൽകി.ഓൺലൈനായി ചേർന്ന യോഗത്തിൽ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎമാരായ അഡ്വ. സണ്ണി ജോസഫ്, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, കണ്ണൂർ കോർപറേഷൻ മേയർ ടിഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ, കെ സുധാകരൻ എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് കലക്ടറും സംഘവും


കനത്ത മഴയിൽ ഉരുൾപൊട്ടി നാശ നഷ്ടമുണ്ടായ കണിച്ചാർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും സംഘവും നേതൃത്വം നൽകി. പൂളക്കുറ്റി, മേലെ വെള്ളറ, താഴെ വെള്ളറ, നെടുമ്പ്രംചാൽ, ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന പൂളക്കുറ്റി എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ കലക്ടറെത്തി. 11 കുടുംബങ്ങളിലെ 31 പേരാണ് ക്യാമ്പിലുള്ളത്. ഉരുൾ പൊട്ടിയതിനെ തുടർന്ന് തിങ്കളാഴ്ച്ച രാത്രി തന്നെ ഇവരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സ്, ഇന്ത്യൻ ആർമി, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ് സംഘങ്ങൾക്ക് പുറമെ സബ് കലക്ടർ അനുകുമാരി, എഡിഎം കെ കെ ദിവാകരൻ, ഇരിട്ടി തഹസിൽദാർ സി പ്രകാശ്, ഇരിട്ടി എൽ ആർ തഹസിൽദാർ എം ലക്ഷ്മണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: