തലപ്പാടി അതിര്‍ത്തിയില്‍ സംഘര്‍ഷം; കര്‍ണാടക വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട് : കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട്ടെ തലപ്പാടിയില്‍ പ്രതിഷേധം. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞു. നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് നടുറോഡില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചത്. 

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാരുടെ വാദം. സമരക്കാരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചതോടെ, അതിര്‍ത്തിയില്‍ പൊലീസും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തലപ്പാടിയില്‍ പൊലീസ് പരിശോധനയില്‍ പ്രതിഷേധിച്ച ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കെഎസ്ആര്‍ടിസി ബസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.അവിടെ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി യാത്രക്കാരില്‍ നിന്നും സാംപിള്‍ ശേഖരിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. തലപ്പാടിയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസിലാണ് സഞ്ചരിക്കാനാകുക

നേരത്തെ രണ്ടു വാക്‌സിന്‍ എടുത്തവരെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് കയറ്റിവിട്ടിരുന്നു. എന്നാല്‍ കേരളത്തില്‍ കോവിഡ് കൂടുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് കടത്തിവിടേണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്‍രെ തീരുമാനം. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് നിര്‍ബന്ധമാണെന്നാണ് കര്‍ണാടക പറയുന്നത്. 

തമിഴ്‌നാട് വാളയാര്‍ അതിര്‍ത്തിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാളയാര്‍ അതിര്‍ത്തി കടത്തിവിടുന്നത്. കുമളി അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: