തോല്‍ക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട്ട് മത്സരിപ്പിച്ചെന്ന് കെ.എം ഷാജി

കോഴിക്കോട്: സി.പി.എം നിരന്തരമായി വേട്ടയാടിയിട്ടും കെ.എം ഷാജിയെ അഴീക്കോട് മണ്ഡലത്തില്‍ത്തന്നെ മത്സരിപ്പിക്കാന്‍ നേതൃത്വം നിര്‍ബന്ധിച്ചെന്നും സുരക്ഷിത മണ്ഡലം നല്‍കേണ്ടിയിരുന്നുവെന്നും മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ വിമര്‍ശനം. കെ.എം ഷാജി തന്നെയാണ് ഈ വിഷയം ആദ്യം അവതരിപ്പിച്ചത്. അഴീക്കോട്ടേക്കില്ലെന്ന് ആയിരംതവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കില്‍ തോല്‍ക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും ഷാജി യോഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇതിനെ പിന്തുണച്ചു. കെ.എം ഷാജിയുടെ തോല്‍വി ലീഗിന് വലിയ തിരിച്ചടിയായെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ സമ്മതിച്ചതായാണ് സൂചന. പാര്‍ട്ടിയുടെ അടിത്തട്ട് മുതല്‍ പ്രശ്നങ്ങളുണ്ടെന്ന് വിമര്‍ശനമുയര്‍ന്നു. അതുകൊണ്ട് താഴെത്തട്ടില്‍ നിന്ന് പരിഹാരം തുടങ്ങണം. നേതാക്കള്‍ നിശ്ചയിക്കുന്നവരല്ല ഭാരവാഹികളാവേണ്ടത്. അങ്ങനെ തുടര്‍ന്നാല്‍ പാര്‍ട്ടിനേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് മാറ്റത്തിന് തയ്യാറായി. ലീഗും അത് മാതൃകയാക്കണം.

തെരഞ്ഞെടുപ്പ് തിരിച്ചടി പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഉപസമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്താനായി ഉടന്‍ ഭാരവാഹികളുടെ യോഗം ചേരും. അതിനു ശേഷമായിരിക്കും പ്രവര്‍ത്തക സമിതി ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുക. ഉപസമിതിക്ക് പുറമെ ഓരോ മണ്ഡലത്തിലേക്കും അന്വേഷണ കമ്മിഷനെ നിയോഗിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: