കൊവിഡ് പ്രതിരോധം; സന്ദര്‍ശക രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈന്‍ വഴി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശകരായെത്തുന്നവര്‍ക്ക് ഓണ്‍ലൈനായി പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം. നോട്ടുബുക്കില്‍ സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കുന്ന നിലവിലെ രീതിക്ക് പകരമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. 
ഇതുവഴി ജില്ലയിലെ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുന്ന കേന്ദ്രങ്ങളിലെ സന്ദര്‍ശക രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി നടത്താനാവും. ഇതിനായി ഓരോ സ്ഥാപന ഉടമയും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ (https://covid19jagratha.kerala.nic.in) തങ്ങളുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലിലെ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ വിസിറ്റര്‍ രജിസ്റ്റര്‍ സര്‍വീസില്‍ ക്ലിക്ക് ചെയ്താണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്ഥാപനത്തിന്റെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത ശേഷം ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് സ്ഥാപനത്തിന്റെ പ്രവേശന കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനം സന്ദര്‍ശിക്കുന്നവര്‍ തങ്ങളുടെ മൊബൈലിലെ ക്യുആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് അത് സ്‌കാന്‍ ചെയ്ത ശേഷം പേരും മൊബൈല്‍ നമ്പറും നല്‍കിയാല്‍ മതി. 
സ്ഥാപനത്തിലെ സന്ദര്‍ശകരില്‍ ആരെങ്കിലും കൊവിഡ് ബാധിതരായാല്‍ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളവരെ വേഗത്തില്‍ കണ്ടെത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി സാധിക്കും. ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍, ഓഫീസുകള്‍, ആരാധനാലയങ്ങള്‍, ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന എല്ലാ കേന്ദ്രങ്ങളും സന്ദര്‍ശകരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സംവിധാനമൊരുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: