ഈ വാഹനങ്ങള്‍ക്ക് ഇനി ടോള്‍ പ്ലാസ കടക്കാനാവില്ല, പോയേ തീരൂവെങ്കില്‍ കനത്ത പിഴ !

 

ദില്ലി: ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ ടോൾപ്ലാസകളെല്ലാം പൂർണമായും ഫാസ്‍ടാഗ് ട്രാക്കുകളാക്കുന്നു. എല്ലാ ട്രാക്കുകളിലും ഡിജിറ്റൽ സംവിധാനം വരുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ഡിസംബർ മുതൽ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്‍ ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അന്ന് ഗതാഗത മന്ത്രാലയം വാഹനങ്ങളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത്. പുതിയ വാഹനങ്ങളില്‍ ഫാസ് ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും വാഹന ഡീലര്‍മാര്‍ക്കാണെന്നും അന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ എല്ലാ ട്രാക്കുകളും ഫാസ്‍ടാഗ് ലൈനുകളാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ പുതിയ ഉത്തരവ്. ഡിസംബർ ഒന്നു മുതൽ തന്നെ പുതിയ സംവിധാനം നിലവിൽ വരുമെന്നും വലിയ വാഹനങ്ങൾ കടന്നു പോകുന്ന ട്രാക്കുകളിൽ മാത്രമെ തൽക്കാലത്തേക്ക് ഫാസ്‍ടാഗിന് പുറമെ പണം നൽകി കടന്നു പോകാൻ അനുവദിക്കുകയുള്ളുവെന്നും അല്ലാത്ത ലൈനുകളിൽ ഫാസ് ടാഗില്ലെങ്കിൽ ഡിസംബർ ഒന്നു മുതൽ ഇരട്ടിത്തുക അടയ്ക്കേണ്ടി വരുമെന്നുമാണ് പുതിയ ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് ആകെ പിരിക്കുന്ന ടോളിന്റെ 25 ശതമാനം മാത്രമാണ് ഫാസ്‍ടാഗിലൂടെ ലഭിക്കുന്നത്. 2017-ൽ ദിവസ ഇടപാട് 30,000 രൂപയായിരുന്നു. 2019-ൽ ഇത് 8.62 ലക്ഷം ആയി ഉയര്‍ന്നു. പുതിയ നിയമം കര്‍ശനമായി തന്നെ നടപ്പിലാക്കണമെന്നും ഇതുമൂലമുണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്‍നങ്ങള്‍ തടയാന്‍ മുന്‍കരുതലെടുക്കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യക്ക്, ഗതാഗതമന്ത്രാലയം കത്തയച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് ഫാസ്‍ടാഗ്?
ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്‍ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ സാധിക്കും. സമയവും ലാഭിക്കാം.

ഫാസ്‍ടാഗ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
ഒരു പ്രീപെയ്‍ഡ് അക്കൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം (RFID) വഴി ബന്ധിപ്പിച്ചാണ് ഫാസ് ടാഗിന്‍റെ പ്രവര്‍ത്തനം. ഇത് വാഹനത്തിന്‍റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കും. ഈ അക്കൗണ്ടില്‍ ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്‍ത് വക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്‍ടാഗി റീചാര്‍ജ് ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെഫ്റ്റ്,ആര്‍ടിജിഎസ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ റീചാര്‍ജ്ജിംഗ് നടത്താം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: