കല്യാശ്ശേരിയിൽ ഇനി കൃഷി പാഠങ്ങളും
:ഹരിതമോഹനം പദ്ധതിക്ക് തുടക്കമായികല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാർഥികൾ ഇനി കൃഷിപാഠങ്ങളും പഠിക്കും. മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹരിതമോഹനം പദ്ധതിക്ക് തുടക്കമായി. പുറച്ചേരി ജി യുപി സ്‌കൂൾ അങ്കണത്തിൽ പച്ചക്കറിത്തൈ നട്ട് എം വിജിൻ എം എൽ എയും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രകൃതി വിഭവങ്ങളെ അറിയാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും വിദ്യാർഥികൾ പ്രാപ്തരാകണമെന്ന് കലക്ടർ പറഞ്ഞു. ഹരിതമോഹനം മണ്ഡലത്തിലെ മാതൃക പദ്ധതിയാക്കി വരും വർഷങ്ങളിലും തുടരുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു.വിഷരഹിത പച്ചക്കറികളും ഓണത്തിന് പൂക്കളമൊരുക്കാനാവശ്യമായ ചെണ്ടുമല്ലിയും സ്‌കൂളുകളിൽ കൃഷി ചെയ്യും. സംസ്ഥാന സർക്കാരിന്റെ  ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിനോട് ചേർന്നാണ് ഹരിതമോഹനം പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന പദ്ധതിക്ക് ആവശ്യമായ വിത്തുകളും ചെടികളും കൃഷിഭവനുകളിലൂടെ ലഭ്യമാക്കും. 10 സെന്റിൽ കൃഷി ചെയ്യാൻ താൽപര്യമുള്ള വിദ്യാലയങ്ങൾക്ക് 4000 രൂപ വരെ സർക്കാർ സബ്സിഡി ലഭിക്കും. സ്ഥല സൗകര്യമില്ലെങ്കിൽ ഗ്രോബാഗ്, ടെറസ് കൃഷിയും നടത്തും. വിദ്യാലയത്തിനടുത്തുള്ള സ്ഥലങ്ങളും പ്രയോജനപ്പെടുത്താം. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി ഉപയോഗിക്കും. സ്‌കൂൾ പിടിഎ, പൂർവ്വ വിദ്യാർഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുട സഹകരണത്തോടെ പദ്ധതി കൂടുതൽ ജനകീയമാക്കാനാണ് ലക്ഷ്യം.ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രവീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി രോഹിണി, മെമ്പർ കെ ശശിധരൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു, പയ്യന്നൂർ കൃഷി അസി. ഡയറക്ടർ ടി പി എം നുറുദ്ദീൻ, പാപ്പിനിശ്ശേരി എ ഇ ഒ പി വി വിനോദ് കുമാർ, എസ്എസ്‌കെ ഡി പി ഒ രാജേഷ് കടന്നപ്പള്ളി, ഡയറ്റ് ലക്ചറർ കെ രാകേഷ്, ബിപിസി എം വി വിനോദ് കുമാർ, പിടി എ പ്രസിഡന്റ് എം രാജു, പ്രധാനധ്യാപിക സുനന്ദകുമാരി ടീച്ചർ, സ്‌കൂൾ വികസന സമിതി ചെയർമാൻ എം അനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: