വിജയവഴിയിൽ സുനിതയും കൂട്ടുകാരും;’ധാന്യ’ തിരക്കിലാണ്

‘വെച്ച കാൽ പിറകോട്ടില്ല.’ കൂട്ടു സംരംഭങ്ങൾ തുടങ്ങി പാതിവഴിയിൽ ഉപേക്ഷിക്കുന്നവരോട് കരിവെള്ളൂർ പാലക്കുന്നിലെ സുനിതയും കൂട്ടുകാരും ഇങ്ങനെയേ പറയൂ. കാരണം കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ പി വി സുനിതയുടെ നേതൃത്വത്തിൽ പാലക്കുന്നിൽ പ്രവർത്തിക്കുന്ന ധാന്യ റൈസ് ആൻഡ് ഫ്ളോർ മില്ലിൽ തിരക്കോട് തിരക്കാണ്. പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ലും മഞ്ഞളുമൊക്കെ ഇവിടെ എത്തുന്നുണ്ട്. അരി, ഗോതമ്പ്, റാഗി, കുരുമുളക്, മല്ലി, കറിമസാലകൾ, ഏത്തക്കായ, എന്നിവ പൊടിക്കുന്നതിനു പുറമെ കൊപ്രയും ആട്ടുന്നു. പൊടികൾ പായ്ക്ക് ചെയ്ത് നാനോ മാർക്കറ്റ് വഴി വിറ്റഴിക്കും. കരിവെള്ളൂരിൽ തന്നെ പ്രവർത്തിക്കുന്ന കുടുംബശ്രീ ഷോപ്പിയിലും അടുത്തുള്ള കടകളിലും കുടുംബശ്രീ വിൽപ്പന മേളകളിലും ‘ധാന്യ’ ഉൽപ്പന്നങ്ങൾ സുലഭമാണ്. പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ഏത്തക്കായപ്പൊടിക്കും മസാലക്കൂട്ടുകൾക്കും കൊണ്ടാട്ടങ്ങൾക്കും ആവശ്യക്കാർ ഏറെ. തിരക്കില്ലാത്ത സമയങ്ങളിൽ ചോക്ലേറ്റുകളും കേക്കുകളും ഉണ്ടാക്കും. ഉത്സവ കാലങ്ങളിൽ ഇവിടെ നല്ല തിരക്കാണ്. തുടങ്ങിയിട്ട് ഒരു വർഷമേ ആയുള്ളൂവെങ്കിലും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഇവർ പറയുന്നു.വിവിധ കുടുംബശ്രീകളിൽ നിന്നും താൽപര്യമുള്ള ആറ് പേർ ചേർന്നാണ് സംരംഭം തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് മൂന്ന് ലക്ഷം സബ്സിഡി നൽകി. പത്ത് ലക്ഷം രൂപ വായ്പയെടുത്തു. ഒന്നര ലക്ഷം രൂപ സിഇഎഫ് വായ്പയും ലഭിച്ചു. കുടുംബശ്രീ മിഷന്റെ പൂർണ്ണ പിന്തുണയോടൊപ്പം കിലയുടെ പരിശീലനവും ലഭിച്ചു. പി വി സുനിത എ കെ രമ, കെ ശ്രീജ, എം വി റീന, എൻ വി ചിത്ര, കെ ശ്രീജ എന്നിവരാണ് ധാന്യയുടെ പ്രവർത്തനം നടത്തുന്നത്. പരസ്പര വിശ്വാസമാണ് ഈ കൂട്ടായ്മയുടെ വിജയം.പലഹാര യൂണിറ്റുകൾ, തയ്യൽ യൂണിറ്റുകൾ, ഫർണിച്ചർ കടകൾ, ഹോട്ടലുകൾ, പൂച്ചെടി നഴ്സറി തുടങ്ങി വിജയകരമായി പ്രവർത്തിക്കുന്ന 45 സംരംഭങ്ങളും കൃഷി, ആട് വളർത്തൽ എന്നിവയും പഞ്ചായത്തിലുണ്ട്. ഇനി ന്യൂട്രിമിക്സ് നിർമാണ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യം. നൂറോളം പേർ ഇത്തരത്തിൽ സ്വയം വരുമാനമുണ്ടാക്കുന്നുണ്ട്.