കാട്ടുപന്നിയുടെ അക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്.
കാഞ്ഞങ്ങാട്: പട്ടാപകല്‍ ടൗണിലിറങ്ങിയ കാട്ടുപന്നി രണ്ടുപേരെ ആക്രമിച്ചു.
വെള്ളരിക്കുണ്ട് തെക്കേബസാറില്‍ തട്ടുകട നടത്തുന്ന മുന്‍ പഞ്ചായത്ത് മെമ്പര്‍ പുങ്ങംചാലിലെ രാമന്(55), വെള്ളരിക്കുണ്ടിലെ ചക്കുംങ്കൽ തോമസ് ജോര്‍ജ് (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടൗണിലെ ലിറ്റില്‍ ഫ്ളവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തുവെച്ചാണ് ഇന്ന് രാവിലെ ഇരുവരെയും കാട്ടുപന്നി ആക്രമിച്ചത്. വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേർ നടന്നുപോകുന്ന പാതയിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. മലയോരത്തെ ടൗണുകളില്‍ ഉള്‍പ്പെടെ കാട്ടുപന്നിയുടെ ആക്രമണം തുടര്‍ച്ചയായുണ്ടാവുന്നത് ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.