റേഷന്‍ കാര്‍ഡ്:  അനര്‍ഹര്‍ക്കെതിരെ നടപടി

എഎവൈ (മഞ്ഞ), മുന്‍ഗണന(പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി  കൈവശം വെച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹരുടെ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് മുമ്പ് അവസരം നല്‍കിയിരുന്നു. എന്നാല്‍ പലരും കാര്‍ഡുകള്‍ ഉപയോഗിച്ച് ഇപ്പോഴും സൗജന്യ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ കണ്ടെത്തിയാല്‍ റേഷന്‍ കാര്‍ഡുടമകളില്‍ നിന്നും ഇതുവരെ കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില ഈടാക്കുന്നതും മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
എഎവൈ, മുന്‍ഗണനാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തി അവരെ നീക്കം ചെയ്ത ശേഷം അര്‍ഹരായവരെ  ഉള്‍പ്പെടുത്തുന്നതിനുളള നടപടികള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുടമകളെ കുറിച്ചുളള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ ഫോണ്‍ മുഖേന അറിയിക്കാം. ഫോണ്‍. താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് 0460 2203128, 9188527411, തലശ്ശേരി 0490 2343714, 9188527410, കണ്ണൂര്‍ 0497 2700091, 9188527408, ഇരിട്ടി 0490 2494930, 9188527409.
റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും ആധാര്‍ ലിങ്ക് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: