പാചകവാതക വില വീണ്ടും കൂട്ടി

സാധാരണക്കാരുടെ ജീവിതഭാരം വര്ധിപ്പിച്ച് പാചകവാതക വില വീണ്ടും കുത്തനെ

കൂട്ടി. സബ്സിഡിയുള്ള സിലിണ്ടറിന് 2.71 രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 55.50 രൂപയുമാണ് വര്ധിപ്പിച്ചത്. അന്താരാഷ്ട്രവിപണിയിലെ നിരക്കുമാറ്റങ്ങള്ക്ക് അനുസൃതമായി ചരക്കുസേവന നികുതി (ജിഎസ്ടി) അടിസ്ഥാനവിലയിലുണ്ടാക്കിയ വ്യത്യാസത്തെ തുടര്ന്നാണ് വിലവര്ധനയെന്നാണ് ഔദ്യോഗിക വിശദീകരണം. രൂപയുടെ വീഴ്ചയുണ്ടാക്കിയ ആഘാതവും വിലക്കയറ്റത്തിന് കാരണമായെന്നാണ് അവകാശവാദം. പുതുക്കിയ വില നിലവില്വന്നതായി പൊതുമേഖലാ എണ്ണക്കമ്ബനികള് അറിയിച്ചു. ജൂണ് ഒന്നിന് സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 48 രൂപയും സബ്സിഡിയുള്ളവയുടെ വില 2.34 രൂപയും വര്ധിപ്പിച്ചിരുന്നു. സബ്സിഡിയുള്ള ഉപയോക്താവും സിലിണ്ടര് എടുക്കുന്ന സമയത്ത് നിലവിലെ വിലയ്ക്കൊപ്പം വര്ധിപ്പിച്ച 55.50 രൂപ കൂടി ചേര്ത്തുള്ള തുക നല്കേണ്ടി വരും. 52.79 രൂപ സബ്സിഡി ഇനത്തില് നല്കുന്ന തുകയ്ക്കൊപ്പം പിന്നീട് ബാങ്ക്്അക്കൗണ്ടില് ലഭിക്കും. സബ്സിഡി ഇനത്തില് ലഭിക്കുന്ന തുക ബാങ്ക് അക്കൗണ്ടിലുള്ളത് കൊണ്ട് ഉപയോക്താവിന് പ്രായോഗികമായി നേട്ടമൊന്നുമില്ലെന്നതാണ് യാഥാര്ഥ്യം.
2014 മേയില് മോഡി സര്ക്കാര് അധികാരത്തിലേറുമ്ബോള് സബ്ഡിയുള്ള പാചകവാതകം സിലിണ്ടറിന് 414 രൂപയായിരുന്നു. അന്താരാഷ്ട്രതലത്തില് ക്രൂഡ്ഓയില് വിലയില് വലിയ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യങ്ങളില് പോലും പാചകവാതക വില കുറയ്ക്കാന് അധികൃതര് തയ്യാറായിരുന്നില്ല. പൊതുമേഖലാ എണ്ണക്കമ്ബനികള്ക്ക് വിലനിര്ണയം വിട്ടുകൊടുത്തതിനു ശേഷം വിദേശവിനിമയനിരക്കും അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ശരാശരി നിരക്കും മറ്റും കണക്കാക്കി എല്ലാ മാസവും ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കുകയാണ്.
ജൂലൈ 2016 മുതല് നവംബര് 2017 വരെയുള്ള കാലയളവില് 19 തവണ പാചകവാതകവില വര്ധിപ്പിച്ചിട്ടുണ്ട്. 2017 ഡിസംബറില് ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിലവര്ധന വേണ്ടെന്ന് വച്ചു. ജനുവരി മുതല് പാചകവാതക വിലയില് നേരിയ ഇളവുകള് വരുത്തിയിരുന്നു. എന്നാല്, കഴിഞ്ഞമാസം മുതല് വില കുത്തനെ കൂട്ടുകയാണ്.

%d bloggers like this: