പാനൂർ സ്റ്റേഷൻ പരിധിയിൽ നടപ്പാക്കിയ ഇൻസൈറ്റിന് ആവേശകരമായ പ്രതികരണം

പാനൂർ: പാനൂർ സി.ഐ.വി.വി. ബെന്നിയുടെ സ്വപ്ന പദ്ധതി

ഇൻസൈറ്റിന് ആവേശകരമായ പ്രതികരണം. പാനൂർ യു.പി.സ്കൂൾ അങ്കണത്തിൽ ഒരുക്കിയ പ്രൗഢമായ ചടങ്ങിൽ വച്ച് മന്ത്രി കെ.കെ.ശൈലജ ടീച്ചറാണ് ഇൻസൈറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

ഒരേ സമയം പാനൂർ സ്റ്റേഷൻ പരിധിയിലെ ഇരുപത് കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്
വിദ്യാർത്ഥികളും യുവതീ യുവാക്കളും ഉൾപ്പെടെ ആയിരത്തി അഞ്ഞൂറിലധികം പേരാണ് പദ്ധതിയുടെ ഭാഗമായത്.

തികച്ചും ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇൻസൈറ്റ് എന്ന ആശയം സി.ഐ.വി.വി.ബെന്നി മുന്നോട്ട് വച്ചപ്പോൾ പാനൂർ ജനത രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

വിവിധ മൽസര പരീക്ഷകളിൽ പ്രാപ്തരാക്കുന്നതോടൊപ്പം കൃത്യമായ ലക്ഷ്യബോധവും വളർത്തിയെടുക്കുകയാണ് ഇൻസൈറ്റിലൂടെ ലക്ഷ്യമിടുന്നത്.

റിട്ടയേഡ് അധ്യാപകർ ഉൾപ്പെടെയുള്ളവർ സേവന സന്നദ്ധരായി ക്ലാസുകൾ കൈകാര്യം ചെയ്യാൻ തയ്യാറായി മുന്നോട്ട് വരികയും ചെയ്തു.
മണിക്കൂറിന് പ്രതിഫലം വാങ്ങി പി.എസ്.സി. കോച്ചിംഗ്‌ സെന്ററുകളിൽ ജോലി ചെയ്യുന്നവർ യാതൊരു പ്രതിഫലവും വാങ്ങാതെ പദ്ധതിയുടെ ഭാഗമാകാൻ തയ്യാറായി സ്വമേധയ മുന്നോട്ട് വന്നത് പാനൂരിന്റെ കൂട്ടായ്മയുടെ വിജയം കൂടിയാണെന്ന് സി.ഐ.പറഞ്ഞു.

എ.എസ്.പി ചൈത്രാ തെരേസാ ജോൺ ഉൾപെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രിയ .സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കാളികളായിരുന്നു.

ഇരുപത് കേന്ദ്രങ്ങളിലേക്കും വിദ്യാർത്ഥികളെ മത്സര പരീക്ഷക്ക് പ്രാപ്തരാക്കാൻ ക്ലാസെടുക്കാൻ ആവശ്യമായ പിരിയോഡിക്കൽസ് ഒരു വർഷത്തേക്കുള്ളത് നൽകാൻ തയ്യാറായി ഖത്തറിലെ സഫാരി ഗ്രൂപ്പ് മുന്നോട്ട് വന്നത് സമൂഹം പദ്ധതിക്ക് നൽകുന്ന പിന്തുണയുടെ നേർകാഴ്ചയായി.

ജൂലായ് ഒന്ന് ഞായറാഴ്ച വൈകിട്ട് ഒരേ സമയമാണ് ഇരുപത് സെൻററുകളിലും ക്ലാസുകൾ തുടങ്ങിയത്
ആദ്യ ദിനം എല്ലാ കേന്ദ്രങ്ങളിലും മോട്ടിവേഷൻ ക്ലാസാണ് നടന്നത്. എല്ലാ കേന്ദ്രങ്ങളിലും സി.ഐ.സന്ദർശനം നടത്തുകയും ചെയ്തു.

വിദ്യാലയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മദ്രസ ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്ലാസുകൾ നടന്നത്.
പന്ന്യന്നൂർ നിറം സാംസ്കാരിക കേന്ദ്രം ഒരുക്കിയ സെന്ററിലാണ് ഏറ്റവും കൂടുതൽ പഠിതാക്കൾ എത്തിയത്.
നൂറ്റി ഇരുപത് പേരാണ് ഇവിടെ രജിസ്റ്റർ ചെയ്തത്.

വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്ത് ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ

മൂന്ന് മണിക്കൂർ വീതം ക്ലാസുകൾ നൽകുകയാണ് ലക്ഷ്യം

ഒരു വീട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന മഹത്തായ ലക്ഷ്യമാണ് ഇൻസൈറ്റ് പദ്ധതിയിലൂടെ സി.ഐ.വി.വി.ബെന്നി ലക്ഷ്യമിടുന്നത്.

പാനൂർ പൊലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്.ഐയായി 2005 ൽ ചുമതലയേറ്റ് ഔദ്യോഗിക ജീവിതം ആരംഭിച്ച പേരാമ്പ്ര സ്വദേശിയായ വി.വി. ബെന്നി 2007 ഒക്ടോബർ വരെ എസ്.ഐ.യായിരുന്നു

സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുമായും നല്ല ബന്ധം കാത്ത് സൂക്ഷിച്ച ഇദ്ദേഹം സ്ഥലം മാറിപ്പോകുമ്പോൾ ഹൃദ്യമായ യാത്രയയപ്പാണ് പാനൂർ പൗരാവലി നൽകിയത്.

പിന്നീട് പാനൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ 2008 ജനവരി മാസത്തിൽ ആഭ്യന്തര വകുപ്പ് ബെന്നിയെ വീണ്ടും പാനൂരിൽ നിയമിച്ചിരുന്നു.
കൃത്യമായ ഇടപെടലിലൂടെ പാനൂരിൽ സമാധാന അന്തരീക്ഷം ഉറപ്പ് വരുത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

2009 ൽ വീണ്ടും പാനൂരിനോട് വിട പറഞ്ഞ ഇദ്ദേഹം 2014 മാർച്ച് മാസത്തിൽ സി.ഐയായി വീണ്ടും പാനൂരിലെത്തുകയായിരുന്നു. 2015 മെയ് മാസം വരെ സി.ഐ.യായി പാനൂരിൽ തുടർന്ന ഇദ്ദേഹം യാതൊരു വിധ ആരോപണങ്ങൾക്കും ഇട നല്കാതെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് പാനൂരിൽ നിന്നും പടിയിറങ്ങിയത്.

2017 നവംബർ മാസത്തിൽ ഒരിടവേളക്ക് ശേഷം പാനൂരിന്റെ രാഷ്ടിയാന്തരീക്ഷം വീണ്ടും കലുഷിതമായപ്പോൾ ആഭ്യന്തര വകുപ്പിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല തൃശൂർ കൺട്രോൾ റൂം സി.ഐ.യായിരുന്ന വി.വി.ബെന്നിയെ വീണ്ടും പാനൂർ സി.ഐ.യായി നിയമിക്കുകയായിരുന്നു.

ഇതിനകം 6 വർഷത്തോളം പാനൂരിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് പാനൂരിന്റെ മുക്കും മൂലയും സുപരിചിതമായി കഴിഞ്ഞിരുന്നു.
പലരെയും പേരെടുത്ത് വിളിക്കാൻ കഴിയുന്ന ബന്ധവും ഇതിനകം വളർത്തിയെടുത്തിരുന്നു.

പാനൂരിലെ നവ മാധ്യമ കൂട്ടായ്മയിൽ അംഗമായിരുന്നത് കൊണ്ടു തന്നെ പാനൂരിലെ ഓരോ സ്പന്ദനങ്ങളും വിജിലൻസ് സി.ഐ.യായി പ്രവർത്തിച്ചപ്പോഴും തൃശൂർ കൺട്രോൾ റൂമിൽ പ്രവർത്തിച്ചപ്പോഴും ഇദ്ദേഹം അറിഞ്ഞിരുന്നു.

വീണ്ടും പാനൂരിൽ വരുന്നതിനിടയിൽ തന്നെ രാഷ്ട്രിയ നേതൃത്വങ്ങളുമായി ബന്ധപെടുകയും സമാധാനം നിലനിർത്താനുള്ള പരിശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ചെറിയ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അത് വ്യാപിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്തി തടയാൻ കഴിഞ്ഞത് വീണ്ടും പാനൂരിനെ അശാന്തിയിലേക്ക് നയിക്കുന്നത് ഇല്ലാതാക്കാൻ വഴിയൊരുക്കിയിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ സംഘർഷ മേഖലകളിലെ സാംസ്കാരിക സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും മദ്രസ്സകളുടെയും ശ്രീനാരായണമOങ്ങളുടെയും വാർഷികാഘോഷം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെ യുള്ള യുവതലമുറ അക്രമത്തിലേക്ക് തിരിയാനുള്ള പ്രധാന കാരണം ലക്ഷ്യബോധമില്ലായ്മയാണെന്ന് ചൂണ്ടി കാട്ടിയിരുന്നു.

നേരത്തെ തലശ്ശേരി ഡി.വൈ.എസ്.പി.യായി പ്രവർത്തിച്ചിരുന്ന പ്രിൻസ് എബ്രഹാമും തന്റെ പ്രസംഗത്തിലൂടെ ഇത്തരം കാര്യങ്ങൾ പാനൂർ മേഖലയിലെത്തി ജനങ്ങളോട് തുറന്ന് സംവദിച്ചിരുന്നു.
ഇതിന് ശേഷം പാനൂരിലെത്തിയ ബെന്നി ഇതിനൊരു പ്രതിവിധിയുമായാണ് ഇൻസൈറ്റിന് തുടക്കം കുറിച്ചത്.

മടിച്ചു നിന്ന വിദ്യാർത്ഥികളെ രക്ഷിതാക്കളാണ് നിർബന്ധിച്ച് ഞായറാഴ്ച പി.എസ്.സി. കോച്ചിംഗ്‌ സെന്ററുകളിലെത്തിച്ചത്

error: Content is protected !!
%d bloggers like this: