തലശേരി-വളവുപാറ കെ എസ് ടി പി റോഡ് നിർമാണ പ്രവൃത്തിക്കിടെ ടെലഫോൺ കേബിളുകൾ നശിച്ചു- രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം

ഇരിട്ടി: റോഡ് നിർമ്മാണത്തിനിടെ ടെലിഫോൺ കേബിളുകൾ നശിച്ച് രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം. തലശേരി-വളവുപാറ കെ എസ് ടി പി റോഡ് നിർമാണ പ്രവൃത്തിക്കിടെ ഇരിട്ടി – കൂട്ടുപുഴ റോഡിൽ കിളിയന്തറയിലാണ് ബി എസ് എൻ എൽ ന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വ്യാപകമായി നശിച്ചത്. ഇതുമൂലം രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കേബിളുകൾ നശിച്ചതോടെ പേരട്ട മേഖലയിൽ 550 പേർക്ക് ടെലഫോൺ ഇന്റർനെറ്റ് ബന്ധങ്ങൾ ഇല്ലാതായി. ബ്രോഡ് ബാന്റും തകർന്നതിനാൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ മേഖലയിലെ ബാങ്കുകളും ഗവൺ്‌മെന്റും സ്ഥാപനങ്ങളും ഉൾപ്പെടെ സ്തംഭനാവസ്ഥയിലായി. കിളിയന്തറ സെന്റ് തോമസ് സ്‌കൂളിന്റെ മുൻവശത്തുള്ള റോഡിൽ ഓവുചാലിന്റെ പണി എടുക്കുന്നതിനിടയിലാണ് കേബിളുകൾ പാടെ നശിച്ചത്. 200 പെയറിന്റെ രണ്ട് കേബിളുകൾ 60 മീറ്റർ നീളത്തിലും 50 മീറ്ററിന്റെ മൂന്നു കേബിളുകൾ 100 മീറ്റർ നീളത്തിലുമാണ് നശിച്ചത്.

റോഡ് പണി നടത്തുന്നവരുടെ അശ്രദ്ധയാണ് കാരണമെന്നാണ് ബിഎസ്എൻഎൽ അധികൃതരുടെ പരാതി. 200 പേർക്ക് കണക്ഷൻ കൊടുക്കാൻ സ്ഥാപിക്കുന്ന 200 പെയറിന്റെ കേബിൾ നന്നാക്കണമെങ്കിൽ ഒരു ദിവസം വേണം. നാളെ വൈകുന്നേരത്തോടെ മാത്രമേ ഇവ പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലും കിളിയന്തറയിൽ കേബിളുകൾ നശിപ്പിച്ചിരുന്നു. റോഡ് നിർമാണം ആരംഭിച്ച ശേഷം ഒന്നര വർഷത്തിനകം ഇരിട്ടി സബ്ഡിവിഷൻ പരിധിയിൽ മാത്രം അര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഉളിയിൽ നിന്ന് കൂട്ടുപുഴ വരെയുള്ള ദൂരത്തെ നഷ്ടമാണിത്. ഇതിന്റെ ശരാശരി വച്ചു നോക്കിയാൽ തലശേരി-വളവുപാറ ദൂരത്തിൽ ഇതിന്റെ മുന്ന് ഇരട്ടിയോളം നഷ്ടം വരും. കേബിളുകൾക്ക് നാശം വരുത്താതെ റോഡ് നിർമിക്കാൻ സാധിക്കുന്നതാണെങ്ങിലും പണിയിൽ താമസം വരുന്നതിനാൻ ജാഗ്രത കാണിക്കാതിരിക്കുന്നതാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് ആക്ഷേപം. വാട്ടർ അതോറിറ്റിക്കും കെഎസ്ഇബിക്കും കെഎസ്ടിപി നഷ്ടപരിഹാരം നൽകുമെങ്കിലും ബിഎസ്എൻഎലിന് ഇവർ നഷ്ടം നൽകുന്നില്ല.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: