ഫ്‌ളക്‌സിനു പകരം തുണി; രാഷ്ട്രീയ പാര്‍ട്ടികള്‍ ജില്ലാതല പ്രഖ്യാപനം നടത്തി

പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികളില്‍ ഫ്‌ളക്‌സുകള്‍ക്ക് പകരം തുണി ഉപയോഗിക്കുമെന്ന് പ്രഖ്യാപനം. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ജില്ലാതല പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നടത്തിയത്.  ഇതുമായി ബന്ധപ്പെട്ട് മേയര്‍  ഇ.പി.ലത, പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നേരത്തേ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ളക്‌സ് ഉപയോഗിക്കില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്ത തീരുമാനം മാതൃകാപരമാണെന്ന് പ്രഖ്യാപന വേളയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക്-ഫ്‌ളക്‌സ് മാലിന്യങ്ങള്‍ മനുഷ്യനും പ്രകൃതിക്കും വലിയ നാശമാണ് വരുത്തിവയ്ക്കുന്നത്. നാമോരോരുത്തരും തന്നെയാണ് പ്രകൃതി മലിനീകരണത്തിനും മാരകരോഗങ്ങള്‍ക്കും കാരണമാവുന്ന ഇവയുടെ വ്യാപനത്തിന് ഉത്തരവാദികള്‍.  പ്ലാസ്റ്റിക്കിന്റെയും ഫ്‌ളക്‌സിന്റെയും ഉപയോഗം നിയന്ത്രിക്കുകയല്ലാതെ ഈ വിപത്തിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഖ്യാപനം സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു….

%d bloggers like this: