കേരളം ചുവന്നു; ക്യാപ്റ്റന്റെ കരുത്തില്‍ ഇടതിന് തുടര്‍ഭരണം

തിരുവനന്തപുരം: ഉറപ്പാണ് തുടർഭരണം. അതെ, മലയാളികളും ആ മുദ്രാവാക്യം ഏറ്റെടുത്തു. പിണറായി എന്ന ക്യാപ്റ്റനിൽ വിശ്വസിച്ചു. ഒരു തുടർഭരണത്തിന് കേരളം വിധിയെഴുതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയൻ തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവർത്തിക്കുന്നു പിണറായി വിജയൻ എന്ന കേരളത്തിന്റെ ക്യാപ്റ്റൻ.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരു സെമിഫൈനലായിരുന്നു. വരാനിരിക്കുന്ന തകർപ്പൻ വിജയത്തിനുള്ള സൂചന. ഫൈനലിൽ ആധികാരിക വിജയം പിടിച്ചാണ് പിണറായി എന്ന സി.പി.എമ്മിന്റെ നായകൻ വിജയചരിത്രമെഴുതുന്നത്. ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടർഭരണം എന്ന സ്വപ്നമാണ് പിണറായി ഉറപ്പാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ തകർക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകൾ പുറത്തുവരുമ്പോൾ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 90 സീറ്റുകളിൽ എൽ.ഡി.എഫ്. മുന്നേറുകയാണ്. തുടർഭരണമെന്ന എൽ.ഡി.എഫ്. പ്രതീക്ഷയിലേക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഒരു അട്ടിമറികൾക്കും സാധ്യതയില്ലാതെ എൽ.ഡി.എഫ്. രണ്ടാം വട്ടവും വിജയം ഉറപ്പിച്ചു.

കണ്ണൂരിൽ പതിനൊന്നിൽ പത്ത്, തിരുവനന്തപുരത്ത് 14-ൽ 12, കൊല്ലത്ത് പതിനൊന്നിൽ 10, ആലപ്പുഴയിൽ ഒമ്പതിൽ ഏഴ്, പാലക്കാട് പന്ത്രണ്ടിൽ 9, തൃശൂരിൽ 13-ൽ 12. അവസാന കണക്കുകൾ പുറത്തുവരുമ്പോൾ എറണാകുളം, വയനാട്,മലപ്പുറം ജില്ലകളിൽ മാത്രമാണ് യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായിട്ടുള്ളത്.

തദ്ദേശതിരഞ്ഞെടുപ്പ് നൽകിയ വിജയത്തിന്റെ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയാണ് എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമപ്രവർത്തനങ്ങളും ചേർന്നപ്പോൾ തുടർഭരണം എൽ.ഡി.എഫിന് ഉറച്ച ഉറപ്പായി മാറുകയായിരുന്നു. മുന്നണി സമവാക്യങ്ങളും വികസനനേട്ടങ്ങളും വോട്ടായി മറിയപ്പോൾ ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപദ്ധതികളും വോട്ടിന് ഉറപ്പ് കൂട്ടി.

സർക്കാരിന്റെ വികസന നയങ്ങൾക്ക് മുന്നിൽ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും മുങ്ങിപ്പോകുന്ന, ജനം ഇടതിനു അനുകൂലമായി വിധിയെഴുതിയ കാഴ്ചയ്ക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വരും മണിക്കൂറുകളിൽ മറിച്ചൊരു അത്ഭുതം പ്രതീക്ഷിക്കാനും സാധ്യത കുറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: