ഹൃദയമിടിപ്പോടെ കേരളം; വോട്ടെണ്ണല്‍ ആരംഭിച്ചു

അടുത്ത അഞ്ചു വർഷം കേരളം ഭരിക്കാൻ ജനം ആരെയാണ് തിരഞ്ഞെടുത്തതെന്ന് അൽപസമയത്തിനകം വ്യക്തമാകും. വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കേരളത്തെ കൂടാതെ തമിഴ്നാട്. പശ്ചിമബംഗാൾ, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ജനവിധി ഇന്നാണ്.

സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 527 ഹാളുകൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളുമാണ് എണ്ണുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാലു വരെ ഹാളുകളാണ് ഉപയോഗിക്കുന്നത്.

ശനിയാഴ്ച വരെ തിരികെ ലഭിച്ച തപാൽ ബാലറ്റുകൾ 4,56,771 ആണ്. ഇന്ന് രാവിലെവരെ വോട്ടുരേഖപ്പെടുത്തിയ തപാൽബാലറ്റുകൾ വരണാധികാരിക്ക് നൽകാമെന്നാണ് ചട്ടം. ഒരു ഇ.വി.എം. എണ്ണാൻ സാധാരണനിലയിൽ പത്തുമുതൽ 15 മിനിറ്റും ഒരുതപാൽവോട്ടിന് 40 സെക്കൻഡുമാണ് വേണ്ടത്.

വോട്ടെണ്ണലിനെ തുടർന്നുള്ള ആഹ്ലാദപ്രകടനങ്ങൾക്കായി നിരത്തിലിറങ്ങിയാൽ പിടിവീഴും. തിരഞ്ഞെടുപ്പ് കമ്മിഷൻ ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലും കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നതിനാലുമാണിത്. പൊതുനിരത്തുകളിൽ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് ആളുകൂടാൻ അനുവദിക്കുകയുമില്ല.

കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർ സുരക്ഷയ്ക്കുണ്ട്. 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കൂടുതൽ സേനയെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ മുന്നോടിയായി ശനിയാഴ്ച വൈകീട്ടുമുതൽതന്നെ വിവിധയിടങ്ങളിൽ വാഹനപരിശോധന കർശനമാക്കിയിരുന്നു. എല്ലായിടത്തും ഞായർ, തിങ്കൾ ദിവസങ്ങളിൽ ക്രമസമാധാനപാലനത്തിനായി ഡിവൈ.എസ്.പി.മാർമുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരുണ്ടാകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: