വീട്ടുമുറ്റത്തെ സ്കൂട്ടർ നശിപ്പിച്ചു ; അക്രമി കാമറയിൽ കുടുങ്ങി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ബി.എസ്.എൻ.എൽ. റോഡിൽ മാങ്ങാട്‌ ഹൗസിൽ ജീജ ഭായിയുടെ വീട്ടുമുറ്റത്ത് സ്കൂട്ടർ നശിപ്പിക്കാൻ എത്തിയയാൾ സി.സി.ടി.വി. ക്യാമറയിൽ കുടുങ്ങി. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്കുശേഷമാണ് സംഭവം. സി.സി.ടി.വി.യിൽ പുലർച്ചെ 2.20-നുളള ദൃശ്യമാണുള്ളത്‌. മുഖമൂടിയും ആകെ മൂടിയ വസ്ത്രവും ധരിച്ച് എത്തിയയാളുടെ ദൃശ്യം വ്യക്തമായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

വാഹനത്തിന്റെ സീറ്റ് കുത്തിക്കീറി നശിപ്പിച്ചതിനുശേഷം പുറത്ത് പോകുകയാണുണ്ടായത്. ഇതേ സ്കൂട്ടർ രണ്ടുവർഷംമുൻപും തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. അതോടൊപ്പം കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഊമക്കത്തും ലഭിച്ചതായും വീട്ടുകാർ പറഞ്ഞു. വളപട്ടണം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സംഘമെത്തി സി.സി.ടി.വി. ദൃശ്യം പരിശോധിച്ച് വരികയാണ്. ഇതോടൊപ്പം സമീപത്ത് ലഭ്യമായ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹനം നശിപ്പിക്കാനെത്തിയയാൾ വാഹനത്തിൽ വന്നതായാണ് സൂചന. ജീജ ഭായിയുടെ മകന്റെ ഭാര്യ ഉപയോഗിക്കുന്ന വാഹനമാണിത്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: