ഞങ്ങള്‍ തിരക്കിലാണ്… ലോക് ഡൗണ്‍ കാലത്ത് മത്സരച്ചൂട്ടില്‍ പേരാവൂരിലെ കുട്ടികള്‍

ലോക് ഡൗണ്‍ ആണല്ലോ…പുറത്തിറങ്ങാന്‍ കഴിയില്ലല്ലോ… കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോവാനുമാകില്ല…എന്ത് ചെയ്യും… ഇങ്ങനെ പല പരാതികളുമായി ലോക് ഡൗണിനെ പഴിക്കുന്നുണ്ടാകും കൊച്ചു കുട്ടികള്‍. എന്നാല്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് ഇങ്ങനെ ചിന്തിക്കാന്‍ നേരമില്ല… കാരണം അവര്‍ തിരക്കിലാണ്. വെറുതെയിരുന്ന് നേരം കളയാനൊന്നും അവരെ കിട്ടില്ല. ലോക് ഡൗണ്‍ കാലത്തും ഈ കൊച്ചു മിടുക്കരുടെ ജീവിതം ആസ്വാദ്യകരമാക്കാന്‍ മുന്‍കൈ എടുത്തത് പേരാവൂര്‍ ഗ്രാമപഞ്ചായത്ത് തന്നെ. ബാലസൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ മത്സര പരിപാടി ‘സര്‍ഗോത്സവം’ നടത്താന്‍ പഞ്ചായത്ത് തീരുമാനിച്ചതും ഈ ഒരു സാധ്യത മുന്‍ നിര്‍ത്തിയാണ്.

പഞ്ചായത്തിന്റെ പരിധിയില്‍ ഉളള 18 വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കി വിവിധയിനം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വാര്‍ഡ് തിരിച്ചായിരുന്നു മത്സരങ്ങള്‍. കുട്ടിക്കൃഷി, കവിത ആലാപനം, എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ കുട്ടികള്‍ക്കായി കോവിഡ് കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ‘എന്റെ കോവിഡ് കാലാനുഭവങ്ങള്‍’ എന്ന തലക്കെട്ടില്‍ ലേഖനങ്ങള്‍,’ഉണ്ണികുസൃതി’ എന്ന പേരില്‍ കുട്ടികളുടെ രസകരവും ചിന്തിപ്പിക്കുന്നതുമായ വീഡിയോ തുടങ്ങിയവയാണ് മത്സര ഇനങ്ങള്‍. പങ്കെടുക്കുന്നവര്‍ ഫോട്ടോകളും വീഡിയോകളും വാര്‍ഡ് മെമ്പര്‍മാര്‍ക്ക് അയച്ചു കൊടുക്കുകയാണ് വേണ്ടത്. ഇത്തരത്തില്‍ നിരവധി ഫോട്ടോകളും, വീഡിയോകളും ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു. വിധി നിര്‍ണയം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

വാര്‍ഡ് തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവരെയാണ് പഞ്ചായത്ത് തലത്തിലെ മത്സരത്തില്‍ പങ്കെടുപ്പിക്കുക. പഞ്ചായത്ത്തലത്തിലെ മത്സരത്തില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് സമ്മാനവും ലഭിക്കും. ഇതിനായുള്ള പരിശ്രമത്തിലും കാത്തിരിപ്പിലുമാണ് പേരാവൂരിന്റെ മിടുക്കര്‍. ലോക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കാതെ ജീവിതം എങ്ങനെ തിരക്ക് നിറഞ്ഞതും ആസ്വാദ്യകരവുമാക്കാം എന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ മാതൃകയാവുകയാണ് ഈ കുട്ടികളും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഗ്രാമപഞ്ചായത്തും. 2019-2020 വര്‍ഷത്തെ മികച്ച ബാലസൗഹൃദ പഞ്ചായത്ത് എന്ന ദേശീയ അംഗീകാരം ലഭിച്ച ഗ്രാമ പഞ്ചായത്താണ് പേരാവൂര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: