മാട്ടൂൽ തങ്ങൾ അന്തരിച്ചു

കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ സംയുക്ത ഖാസിയും മൻശഅ് മാട്ടൂൽ ശിൽപിയുമായ ളിയാഉൽ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽബുഖാരി (മാട്ടൂൽ തങ്ങൾ-70) അന്തരിച്ചു.  ഉച്ചക്ക് രണ്ടോടെ സ്വവസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹചമായ രോഗത്താൽ ചികിത്സയിലായിരുന്നു.

സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക സേവന രംഗങ്ങളിൽ വിസ്മയങ്ങൾ രചിച്ചു മുന്നേറുന്ന മാട്ടൂൽ മൻശഇ ന്റെ സമാദരണീയനായ അധ്യക്ഷനായിരുന്ന സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ കേരളത്തിലെ ബുഖാരി സമുന്നതനും ആത്മീയ വേദികളിലെ നിറ സാന്നിധ്യവുമായിരുന്നു .

ഉന്നതരും മഹാ പുരുഷരുമടങ്ങുന്ന തറവാട്ടിൽ 1950 ൽ പയ്യന്നൂർ രാമന്തളിയിലാണ് തങ്ങളുടെ ജനനം

മത പ്രബോധനർത്ഥം റഷ്യയിൽ നിന്നും കേരളത്തിലെത്തിയ സയ്യിദ് അഹമ്മദ് ജലാലുദ്ധീൻ ബുഖാരി (വളപട്ടണം തങ്ങളുടെ പള്ളിയുടെ സമീപമുള്ള മഖ്‌ബറയിൽ അന്ത്യ വിശ്രമം )യുടെ ആറാമത്തെ പുത്രനും വിവിധ കറാമത്തുകളാൽ വിശ്രുതനായ “കുഞ്ഞുള്ള തങ്ങൾ ഉപ്പാപ്പ “എന്നറിയപ്പെടുന്നവരുടെ മകൻ ചെറു കുഞ്ഞി തങ്ങളുടെ (മാപ്പിള ലഹളയിൽ പിടിക്കപ്പെട്ട് ബെല്ലാരിയിൽ അന്ത്യവിശ്രമം )മകളാണ് മാതാവ്

ഏഴിമല തങ്ങൾ എന്ന പേരിൽ വിഖ്യാതനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി (രാമന്തളി ജുമുഅത് പള്ളിയുടെ തെക്ക് വശം മഖ്‌ബറയിൽ അന്ത്യ വിശ്രമം )യുടെ പത്തു മക്കളിൽ മൂത്ത പുത്രൻ സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങൾ ആണ് പിതാവ് (ഇദ്ദേഹം മാട്ടൂൽ മുഹ്‌യിദ്ധീൻ പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു )

മാട്ടൂലിൽ 16 വർഷത്തോളം ഖാളി ആയിരുന്ന മർഹൂം സയ്യിദ് അബ്ദുൽ ഖാദർ കുഞ്ഞിക്കോയ തങ്ങൾ ബാ അലവി യുടെ മകളാണ് സഹ ധര്മിണി .മർഹൂം താജുൽ ഉലമയുടെ ഭാര്യ പിതൃ സഹോദരിയും യുവ പണ്ഡിതൻ സയ്യിദ് ത്വയ്യിബ് ബുഖാരി പിതാവൊത്ത സഹോദരനുമാണ്. 90 മുതൽ മാട്ടൂൽ സാദാത് മൺസിലിലാണ് താമസം

*പഠനം*

ചെറുപ്പത്തിൽ തന്നെ മാതാവ് മരണപ്പെട്ടതിനാൽ പിതാവിന്റെ നാടായ രാമന്തളിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം .പിതൃ വര്യനായ സയ്യിദ് താഹ തങ്ങൾ 40വർഷം രാമന്തളിയിലെ ഖത്തീബും മുദരിസുമായ കടമ്പേരി ഇബ്രാഹിം മുസ്‌ലിയാർ എന്നീ ഉന്നത പണ്ഡിതരിൽ നിന്നാണ് ആദ്യാക്ഷരങ്ങൾ നുകർന്നത് .തുടർന്ന് താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ കീഴിൽ 5 വര്ഷം ഉള്ളാളത് ആഴത്തിൽ പഠനം നടത്തി 1973 ൽ സയ്യിദ് മദനി കോളേജിലെ പ്രഥമ ബാച്ചിൽ മദനി ബിരുദം നേടി

താജുൽ ഉലമ ,ഇമ്പിച്ചാലി മുസ്‌ലിയാർ ,തായാക്കോടെ അബ്ദുല്ല മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരു വാര്യര് .യമനിലെ ഷെയ്ഖ് ഇസ്മായീൽ ഉസ്മാനിൽ നിന്നും തദ്‌രീസിനുള്ള പ്രത്യേക അനുമതി പത്രം ലഭിച്ചിട്ടുണ്ട്

ചാവക്കാട് സയ്യിദ് ഹിബത്തുല്ല ബുഖാരി ,കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ ,മക്കയിലെ നൂർ മുഹമ്മദ് തുടഅങ്ങിയവരിൽ നിന്നും ആത്മീയ ശിക്ഷണവും ഇജാസത്തും സ്വീകരിച്ച തങ്ങൾ ഏതു ഘട്ടത്തിലും ഷെയ്ഖ് cm മടവൂർ ,വടകര മമ്മദാജി തങ്ങൾ എന്നീ മഹാരഥന്മാരുടെ നിർദേശങ്ങൾ മാനിച്ചാണ് മുന്നോട്ടു ഗമിച്ചിരുന്നത്

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷവും തങ്ങളുടെ പഠന താല്പര്യം ഒട്ടും കുറഞ്ഞില്ല .സമസ്തയിലെ സമുന്നതരായ പണ്ഡിതരുടെ പഠന ക്ലാസുകളിൽ വളരെ ആവേശ പൂർവം സംബന്ധിച്ചിരുന്നു .ഈ ലോക് ഡൗൺ സമയത്തും സുൽത്താനുൽ ഉലമയുടെ ബുഖാരി ക്ലാസും കോടമ്പുഴ ബാവ ഉസ്താദിന്റെ ക്ലാസും മുടങ്ങാതെ ശ്രവിക്കുമായിരുന്നത്രെ .

കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങൾ ,മർഹൂം മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാർ ,ബേക്കൽ ഇബ്രാഹിം മുസ്‌ലിയാർ ,പുറത്തീൽ ഹാമിദ് മുസ്‌ലിയാർ എന്നിവർ സഹപാഠികളാണ്

*സേവനം*

ഔദ്യോഗിക വിദ്യാഭ്യാസത്തിനു ശേഷം 1973 ലാണ് സേവന രംഗത്തേക്ക് പ്രവേശിച്ചത് .കാസർഗോഡ് ദേലംപാടിയിൽ താജുൽ ഉലമയുടെ ശിക്ഷണത്തിൽ ദർസ് ആരംഭിച്ചായിരുന്നു തുടക്കം .നാട്ടുകാരുടെ കേവലം മുദരിസായിരുന്നില്ല തങ്ങൾ അവരുടെ വഴികാട്ടി ആയ ഒരു പ്രബോധകൻ കൂടി ആയിരുന്നു .നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലേക്കും തങ്ങൾ ഇറങ്ങി ചെന്നു .ദേലംപാടി സ്കൂളിൽ മലയാളം പഠിക്കാൻ ആളില്ലാത്തതിനാൽ പ്രസ്‌തുത ഡിവിഷൻ നഷ്ടപ്പെടുമെന്ന് വന്നപ്പോൾ ദർസിൽ നിന്നും കുട്ടികളെ അയച്ചു കൊടുത്തു അതിനു പരിഹാരം കണ്ടെത്തി .

78 ൽ കുടിയാവകാശ ബില്ലിന്റെ പേരിൽ ജനങ്ങൾ അവിഹിതമായി സ്വത്തുക്കൾ പേടിച്ചെടുത്തപ്പോൾ കാലോചിതമായ വില കൊടുത്തു ഏക്കറുകൾ വാങ്ങുകയും അതിനെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് സാമ്പത്തിക വിശുദ്ധി നില നിർത്താൻ പ്രേരണ നൽകി

ദേലംപാടി സേവന കാലത്തു അന്നത്തെ കാസർഗോഡ് ജില്ലാ ഖാളി ആയിരുന്ന മർഹൂം ek ഹസ്സൻ മുസ്ലിയാരുടെ നേതൃത്വത്തിൽ ഖതീബുമാർക്‌ വേണ്ടി രൂപീകരത്മായ “ജംഇയ്യത്തുൽ ഖുതബാ ഇ സ്സുന്നിയ്യൻ” എന്ന സംഘടനയുടെ മലയോര മേഖലയിലെ പ്രതിനിധിയായി പ്രവർത്തിക്കാൻ പ്രത്യേക സമയം കണ്ടെത്തി

കവ്വായി മുദരിസായിരുന്ന കുഞ്ഞിക്കോയ തങ്ങളുടെ ഒഴിവിൽ 82 ഇൽ അവിഭക്ത കണ്ണൂർ ജില്ലാ മുശാവറയിൽ തെരെഞ്ഞെടുക്കപ്പെട്ടതോടെയാണ് പണ്ഡിതരുടെ ആധികാരിക സഭയിൽ അംഗമായത്

82 ൽ ദേലംപാടി വിട്ടതിനു ശേഷം 96 വരേ പുളിങ്ങോത്തു മുദരിസായിരുന്ന തങ്ങൾ വിയോഗ സമയം വരെയും കണ്ണൂർ ജില്ലയിലെ പ്രധാന സുന്നി സ്ഥാപനമായ മാട്ടൂൽ മൻശഇൽ മുദരിസും സ്ഥാപിത കാലം മുതലേ പ്രസിഡന്റുമാണ്

ഒറ്റെ ജാറം എന്നറിയപ്പെടുന്ന വളരെ കാലം മുമ്പേ പ്രശസ്തമായതും മഴ ഇല്ലാത്ത ഘട്ടങ്ങളിലും മറ്റും ജാതി മത ഭേതമന്യേ സിയാറത്തു ചെയ്യപ്പെടുന്നതുമായ ജാറം മഖാം പുനരുദ്ധരിക്കുകയും അതിനു സമീപമുള്ള നിസ്കാരപ്പള്ളി ജുമാ മസ്ജിദായി ഉയർത്തി അവിടെ ദർസ് സ്ഥാപിക്കുകയും ചെയ്ത തങ്ങൾ പാരമ്പര്യം നില നിത്തുന്നതിലും പുത്തൻവാദികൾക്കു മറുപടി നൽകുന്നതിലും അതീവ തല്പരരായിരുന്നു

മഹാന്മാർ മുഖേന പകർന്നു കിട്ടിയ ആത്മീയ വഴിയിൽ മായംകലരാതെ ആയിരക്കണക്കിന് സദസ്സുകൾക്കു നേതൃത്വം നൽകിയിരുന്ന തങ്ങൾ വിയോഗ സമയം കണ്ണൂർ ജില്ലാ സംയുക്ത ഖാളിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: