കോവിഡ്‌-19: ഒരു ലക്ഷം പേർക്ക് കിടക്കാനുള്ള‌ സൗകര്യങ്ങളൊരുക്കി പൊതുമരാമത്തുവകുപ്പ്‌

കോവിഡ്‌–-19 വ്യാപനം തടയാൻ കൂടുതൽപേർക്ക്‌ നിരീക്ഷണത്തിൽ കഴിയേണ്ടിവന്നാൽ അതിന്‌ 1,07,928 കിടപ്പ്‌ സൗകര്യങ്ങളൊരുക്കി പൊതുമരാമത്തുവകുപ്പ്‌. ബാത്റൂം സൗകര്യങ്ങളോടുകൂടിയ 77,098 കിടപ്പ്‌ മുറികൾ ബുധനാഴ്‌ചവരെ സജ്ജമാക്കി. ഞായറാഴ്‌ചയാകുമ്പോഴേക്കും 30,830 ബെഡുകൂടി ഒരുക്കുമെന്ന്‌ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ അറിയിച്ചു. 15 ദിവസംകൊണ്ടാണ് പൊതുമരാമത്തുവകുപ്പ് ഇത്രയും സജ്ജീകരണങ്ങൾ ഒരുക്കിയത്‌.
ആകെ ബെഡുകളിൽ 60 ശതമാനവും പ്രത്യേക മുറികളാണ്. 30 ശതമാനം വിശാലമായ ഹാളുകളും ബാത്ത്റൂം ഉൾപ്പെടെ ഐസൊലേഷൻ സൗകര്യമുള്ളവയാണ്‌. റൂമുകളിൽ എയർകണ്ടീഷൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിട്ടുണ്ട്. സ്റ്റെറിലൈസേഷൻ, ഓക്സിജൻ സിലണ്ടറുകൾ, കിടക്ക സംവിധാനങ്ങൾ, മറ്റ്‌ ചികിത്സാ സൗകര്യങ്ങൾ ആരോഗ്യവകുപ്പ്‌ സജ്ജമാക്കും.
മെഡിക്കൽ കോളേജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ മെഡിക്കൽ കോളേജുകൾ, സ്വകാര്യ ആശുപത്രികൾ, ഹോസ്റ്റലുകൾ എന്നിവ ഇതിലുൾപ്പെടും. കൂടാതെ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, മെഡിക്കൽ, എൻജിനിയറിങ്‌, ആർട്സ് ആൻഡ്‌ സയൻസ് കോളേജുകൾ, അവയുടെ ഹോസ്റ്റലുകൾ, വ്യവസായവകുപ്പിന്റെ കീഴിലുള്ള കെട്ടിടങ്ങൾ എന്നിവയുമുണ്ട്‌.
മറ്റു വകുപ്പുകൾ തയ്യാറായാൽ അവരുടെ കെട്ടിടങ്ങളുംകൂടി ഐസൊലേഷൻ വർഡുകളാക്കാൻ തയ്യാറാണെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. കോവിഡ്‌ നിരീക്ഷണ കേന്ദ്രങ്ങളൊരുക്കാൻ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: