2 വർഷം, അഞ്ചു ലക്ഷം പൊതികൾ! ; DYFI യുടെ ‘ഹൃദയപൂർവം’ പൊതിച്ചോർ വിതരണം മൂന്നാം വർഷത്തിലേക്ക്

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടത്തുന്ന പൊതിച്ചോർ വിതരണം മൂന്നാം വർഷത്തിലേക്ക്. 2018 ഏപ്രിൽ ഒന്നിന് എ എൻ ഷംസീർ എംഎൽഎയാണ് ഹൃദപൂർവം പദ്ധതി ഉദ്ഘാടനംചെയ്തത്. അന്നുമുതൽ ഒരു ദിവസംപോലും മുടങ്ങാതെ ജില്ലാ ആശുപത്രിക്കു മുന്നിൽ ഡിവൈഎഫ്ഐ പൊതിച്ചോറ് എത്തിച്ചിട്ടുണ്ട്. പ്രളയ കാലഘട്ടത്തിൽ പോലും ഉച്ചഭക്ഷണ വിതരണം നിലച്ചിട്ടില്ല. പ്രതിസന്ധികളെ നേരിടുന്ന സമൂഹത്തിനൊപ്പം നിൽക്കുകയെന്ന യുവജന പ്രസ്ഥാനത്തിന്റെ ഇച്ഛാശക്തിയായിരുന്നു ഇതിനു പിന്നിൽ. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും പൊതിച്ചോർ വാങ്ങാനെത്തുന്നുണ്ട്. ലോക്‌ ഡൗൺ കാലമായതിനാൽ ആൾക്കൂട്ടമില്ലാതെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണ വിതരണം. ഒരു ദിവസം ശരാശരി 600 പൊതികൾ വിതരണംചെയ്യുന്നുണ്ട്. ആയിരത്തിലധികം പൊതികൾ വിതരണംചെയ്ത ദിവസങ്ങളുണ്ട്. ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിക്കാണ് പൊതിച്ചോറ് എത്തിക്കാനുളള ചുമതല. മേഖലാ കമ്മിറ്റിക്ക് കീഴിലെ യൂണിറ്റുകൾ ആ പരിധിയിലെ വീടുകളിൽനിന്ന് ശേഖരിക്കും. രണ്ടുമുതൽ അഞ്ചുവരെ പൊതികൾ ഒരു വീട്ടിൽനിന്നും ശേഖരിക്കും. പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലും രണ്ടു വർഷമായി പദ്ധതി നടപ്പാക്കുന്നുണ്ട്. തലശേരി ജനറൽ ആശുപത്രിയിലും ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: