മുള സംഗീതത്തിന്റെ ശ്രവ്യചാരുതയിലലിഞ്ഞ് മയ്യിൽ

മയ്യിൽ: മുള സംഗീതത്തിന്റെ ശ്രവ്യചാരുതയിലലിഞ്ഞ് മയ്യിലിന്റെ മണ്ണ്. അരങ്ങുത്സവത്തിന്റെ മൂന്നാം ദിനത്തിൽ ഭാരത് ഭവൻ ഒരുക്കുന്ന വയലി ബാംബൂ മ്യൂസിക് ബാൻഡിന്റെ മ്യൂസിക് ഫ്യൂഷൻ ശ്രവ്യനുഭൂതിയായി.
മുളകൊണ്ട് മാത്രമുണ്ടാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വയലി ബാംബു ബാന്‍ഡ് സംഗീതത്തിന് പുതിയ സ്വരമാധുര്യം നല്‍കുന്നത് എന്നതാണ് ആസ്വാദകർക്കിടയിൽ തരംഗമായത്. സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്‌ഘാടനം ചെയ്തു. സാംസ്‌കാരിക കേരളത്തിന് അപമാനമായി ഇന്ന് അന്തവിശ്വാസവും അഭിചാരവും മാറുമ്പോൾ ഇതുപോലുള്ള കല പ്രവർത്തനങ്ങൾ സമൂഹത്തിൽ മാതൃക തീർക്കുകയാണ് എന്ന് ഉദ്‌ഘാടനം പി പി ദിവ്യ പറഞ്ഞു. സംഘാടക സമിതി വൈസ് ചെയർമാൻ കെ ചന്ദ്രൻ അധ്യക്ഷനായി. സിനിമ താരം അനൂപ് ചന്ദ്രൻ, പി ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി. എം സി ശ്രീധരൻ സ്വാഗതവും മീഡിയ കൺവീനർ എ അശോകൻ നന്ദിയും പറഞ്ഞു. അരങ്ങുത്സവ വേദിയിൽ പ്രാദേശിക കലാപ്രതിഭകളുടെ കലാപരിപാടികളും അരങ്ങേറി.
അരങ്ങുത്സവത്തിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച നഞ്ചിയമ്മയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും ഗോത്രകലാരൂപങ്ങളും അരങ്ങിലെത്തും. സാംസ്കാരിക സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരം സന്തോഷ് കീഴാറ്റൂർ, മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ, ശങ്കർ റായ് എന്നിവർ അതിഥികളായെത്തും.




