ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ വിപുലമായ രീതിയിൽ ശിവരാത്രി ആഘോഷിച്ചു

ഇരിട്ടി : മേഖലയിലെ ക്ഷേത്രങ്ങളിൽ മഹാ ശിവരാത്രി ആഘോഷം വിവിധ ക്ഷേത്ര കർമ്മങ്ങളോടെയും വിശേഷാൽ പൂജകളോടെയും ആഘോഷിച്ചു. കൊവിഡ് വ്യാപനവും തുടർന്ന് വന്ന ലോക്ക് ഡൗണും നിയന്ത്രണങ്ങളും മൂലം രണ്ടു വർഷത്തോളമായി ആഘോഷങ്ങളില്ലാതെ മാത്രമായി നിലനിന്നരുന്ന ക്ഷേത്രങ്ങളെല്ലാം ഉണർന്നുകഴിഞ്ഞ പ്രതീതിയാണ് എല്ലായിടങ്ങളിലും കണ്ടത്. ആഘോഷങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലെല്ലാം നല്ല ജനത്തിരക്ക് അനുഭവപ്പെട്ടു. ഭക്തജനങ്ങളെല്ലാം മാസ്‌ക്കുകളും മറ്റ് മുൻകരുതലുകളോടെയുമായിരുന്നു ക്ഷേത്ര ദര്ശനത്തിനെത്തിയത്.
കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ മുതൽ വൈകുന്നേരം വരെ അഖണ്ഡ നാമജപം നടന്നു. കൂടാതെ രാവിലെ നവകപൂജ , നവകാഭിഷേകം എന്നിവയും നടന്നു. വൈകുന്നേരം ഇളനീർ കാവ് വരവ് തുടർന്ന് ദീപ സമർപ്പണം, തുലാഭാരം തൂക്കൽ, ഇളനീർ അഭിഷേകം, യാമപൂജകൾ എന്നിവയും നടന്നു.
മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ രാവിലെ ലളിതാ സഹസ്രനാമാർച്ചന നടന്നു.സി.പി. ഭുവനദാസന്റെ കാർമ്മികത്വത്തിൽ നടന്ന ലളിതാ സഹസ്രനാമാർച്ചനയിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. വിശേഷാൽ പൂജകളും വൈകുന്നേരം വലിയ ചുറ്റുവിളക്കും ക്ഷേത്രത്തിൽ നടന്നു.
ശത്രുഘ്‌ന സങ്കൽപ്പത്തിലുള്ള പായം മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ സമർപ്പണം നടന്നു. സന്ധ്യയോടെ ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ഒന്നടനക്കം ദീപങ്ങൾ തെളിയിച്ചുകൊണ്ടായിരുന്നു നടപ്പന്തൽ സമർപ്പണം നടന്നത്. തുടർന്ന് സാംസ്‌കാരിക സദസ്സും നടന്നു.
കീഴൂർ തെരു ഗണപതി മഹാദേവക്ഷേത്രത്തിൽ ഇളനീർ കാവ് വരവ്, ഇളനീർ അഭിഷേകം, തിടമ്പെഴുന്നള്ളത്ത്, രാത്രിയിൽ തിരുവുടയാട, തിരുവാഭരണം എഴുന്നള്ളത്ത് എന്നിവയും നടന്നു. തന്തോട് ചോംകുന്ന് ശിവക്ഷേത്രം, വയത്തൂർ കാലിയാർ ക്ഷേത്രം എന്നിവിടങ്ങളിലും വിവിധ ക്ഷേത്ര ചടങ്ങുകളോടേയും വിശേഷാൽ പൂജകളോടെയും ശിവരാത്രി ആഘോഷം നടന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: