ഇന്ത്യ തകർന്നടിഞ്ഞു, ടെസ്റ്റ് പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി

ക്രൈസ്റ്റ്ചര്‍ച്ച് > പ്രതീക്ഷിച്ചപോലെതന്നെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസീലാന്‍ഡ് സ്വന്തമാക്കി. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ടെസ്റ്റിൽ ഏഴു വിക്കറ്റുകൾക്കാണു കിവീസിന്റെ വിജയം. ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 242 റൺസും രണ്ടാം ഇന്നിങ്സിൽ 124 റൺസുമാണു നേടിയത്. ആദ്യ ഇന്നിങ്സിൽ 235 റൺസിന് വീണെങ്കിലും 132 റൺസ് വിജയം ലക്ഷ്യം തേടിയ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ അനായാസം അതു മറികടന്നു. 36 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടത്തിലാണ് കിവീസിന്റെ വിജയം. ഇതോടെ പരമ്പര 2–0ന് ന്യൂസീലൻഡ് സ്വന്തമാക്കി.

രണ്ടാം ടെസ്റ്റില്‍ 132 റണ്‍സായിരുന്നു വിജയ ലക്ഷ്യം. ടെസ്റ്റ് മത്സരം തീരാന്‍ രണ്ട് ദിവസം ശേഷിക്കെ ഏഴ് വിക്കറ്റിന് ന്യൂസീലാന്‍ഡ് ലക്ഷ്യം നേടി. തുടക്കത്തില്‍ ബ്ലണ്ടലും ലാതമും നേടിയ അര്‍ധസെഞ്ചുറികളാണ് ന്യൂസീലാന്‍ഡ് വിജയം അനായാസമാക്കിയത്.

മൂന്നാം ദിവസം ആറിന് 90 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ ന്യൂസീലൻഡിന് കാര്യമായ വെല്ലുവിളി ഉയർത്തിയില്ല. 34 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാലു വിക്കറ്റുകളും വീഴ്ത്തി കിവീസ് കളി നിയന്ത്രണത്തിലാക്കി. ഹനുമാ വിഹാരി (9), ഋഷഭ് പന്ത് (4), മുഹമ്മദ് ഷമി (5), ജസ്പ്രിത് ബുമ്ര (4) എന്നിങ്ങനെയാണു മൂന്നാം ദിവസം പുറത്തായ ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. 22 പന്തില്‍ 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. 88 പന്തിൽ 24 റണ്‍സെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന് ഓപ്പണർമാർ മികച്ച തുടക്കം തന്നെ രണ്ടാം ഇന്നിങ്സിൽ നൽകി. ടോം ലാതമും (74 പന്തിൽ 52), ടോം ബ്ലണ്ടലും (113 പന്തിൽ 55) അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ കെയ്ൻ വില്യംസണെ അഞ്ച് റൺസിന് പുറത്താക്കിയെങ്കിലും റോസ് ടെയ്‍ലറും (5), ഹെന്റി നിക്കോൾസും ചേർന്ന് കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്സിൽ പൃഥ്വി ഷാ (54), ചേതേശ്വർ പൂജാര (54), ഹനുമാ വിഹാരി (55) എന്നിവരുടെ അർധസെഞ്ചുറി മികവിലാണ് ഇന്ത്യ 242 റണ്‍സെന്ന സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിൽ കിവീസ് 235 റണ്‍സിൽ ഒതുങ്ങി. കിവീസിനായി ഓപ്പണർ ടോം ലാതം അർധ സെഞ്ചുറി (52) നേടി. മുഹമ്മദ് ഷമി, ബുമ്ര എന്നിവരുടെ ബോളിങ് മികവിലാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ലീഡെടുത്തത്. ഷമി നാലും ബുമ്ര മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: