കണ്ണൂരിൽ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഇന്ന് തുടക്കം

കണ്ണൂർ:കണ്ണൂർ കോർപ്പറേഷനിലെ മാലിന്യപ്രശ്നത്തിന് പരിഹാരംകാണുന്ന പദ്ധതിക്ക് തുടക്കമാകുന്നു. തിങ്കളാഴ്ച രാവിലെ 11-ന് കോർപ്പറേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ മേയർ സുമ ബാലകൃഷ്ണൻ പദ്ധതി ഉദ്ഘാടനംചെയ്യും. യു.ഡി.എഫ്. ഭരണസമിതി അധികാരം ഏറ്റെടുത്തതിന് ശേഷം പ്രഖ്യാപിച്ച പദ്ധതികളിൽ ഒന്നായ മാലിന്യനിർമാർജന പദ്ധതിയുടെ ഭാഗമായാണ് മാലിന്യ ശേഖരണം, കുമിഞ്ഞുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്ന നിർമ്മൽ ഭാരത് ചാരിറ്റി ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങൾ വലിയ പ്രശ്നമാണ്. ചെറിയ തുക ഈടാക്കിയാണ് ഇവ ശേഖരിക്കുന്നത്. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിതസേന പ്രവർത്തിക്കുന്നുണ്ടെങ്കിലും സേനയെ കൂടുതൽ ഉപയുക്തമാക്കുകയും ഡിവിഷനുകളിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതികൊണ്ട് സാധിക്കും. 

പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ നിരോധിച്ചുവെങ്കിലും അവ പൂർണമായും നടപ്പാക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. ജൈവ മാലിന്യങ്ങൾ മുനിസിപ്പൽ കണ്ടിജൻസി ജീവനക്കാർ ശേഖരിക്കുന്നുണ്ടെങ്കിലും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത് വലിയ പ്രയാസം ജീവനക്കാർക്കുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ ഭരണാധികാരികൾ കരുതുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: