തെളിനീരൊഴുക്കാന്‍ ചിറക്കല്‍ ചിറ;  നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

കാലപ്പഴക്കത്താല്‍ തകര്‍ന്ന ചിറക്കല്‍ ചിറയുടെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മഴക്കാലത്ത് വെള്ളം ഒഴുകി വന്ന് ചളി നിറഞ്ഞ് നില്‍ക്കുന്ന അവസ്ഥ മാറി പായലുകളും ചളികളും ഇല്ലാതെ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ചിറക്കല്‍ ചിറയെ മാറ്റിയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. 

ചളിയും മാലിന്യങ്ങളും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞ ചിറയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിറയുടെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.3 കോടി രൂപയുടെ ഭരണാനുമതിയാണ് ജലസേചന വകുപ്പ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കുളത്തില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും മാറ്റുക, പൊളിഞ്ഞുവീണ ഭാഗങ്ങളിലെ സംരക്ഷണ ഭിത്തി മാറ്റി പകരം ചെങ്കല്‍ഭിത്തി നിര്‍മ്മിക്കുക, മലിനജലം ഒഴുകിയെത്തുന്നത് തടയാന്‍ കുളത്തിന് ചുറ്റും സംരക്ഷണ മതില്‍ നിര്‍മ്മിക്കുക, പുതിയ ഓവുചാല്‍ നിര്‍മ്മിക്കുക എന്നിവയാണ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി നടത്തുന്നത്. 13 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ചിറക്കല്‍ ചിറയുടെ പുനരുദ്ധാരണത്തിലൂടെ 1200 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ പ്രാപ്തമായ ജലസംഭരണിയാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. 

ചടങ്ങില്‍ പി കെ ശ്രീമതി ടീച്ചര്‍ എംപി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ സോമന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ലത, ചിറക്കല്‍ കോവിലകം പ്രതിനിധി സി കെ രവീന്ദ്ര വര്‍മ്മ ഇളയരാജ, എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി സുഹാസിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: