അഴീക്കല്‍ ഫിഷറീസ് സ്‌കൂളില്‍ അടുത്ത വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം: മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ

അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അഴീക്കല്‍ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

തീരദേശമേഖലയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് മുന്തിയ പരിഗണനയാണെന്നും നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ഫിഷറീസ് സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അടുത്ത വര്‍ഷം പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മ്മിക്കും. മറ്റ് സ്‌കൂളുകള്‍ക്ക് മാതൃകയാകുന്ന രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍, പഠനപദ്ധതികള്‍ തുടങ്ങിയവയില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അഞ്ച് ഫിഷറീസ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 10 ഗവണ്‍മെന്റ് ഫീഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുക എന്ന പദ്ധതിയുടെ ആദ്യഘട്ടമായി കണ്ണൂര്‍ അഴീക്കല്‍, തിരുവനന്തപുരം വലിയതുറ, മലപ്പുറം താനൂര്‍, കോഴിക്കോട് ബേപ്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ 24.71 കോടി രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതില്‍ അഴീക്കല്‍ ഹൈസ്‌കൂളിന് 5.58 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 

ചടങ്ങില്‍ പി കെ ശ്രീമതി എം പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയ ബാലന്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രസന്ന, ഉത്തരമേഖല ഫിഷറീസ് ജോയിന്റ്  ഡയറക്ടര്‍ കെ കെ സതീഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം ശ്രീകണ്ഠന്‍, ഹെഡ് മാസ്റ്റര്‍ വി എം ഉല്ലാസ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: