എടക്കാട് കൃഷിഭവൻ ഓഫീസ് കെട്ടിടത്തിന് ശിലയിട്ടു

യുവാക്കൾ കൃഷിയിലേക്ക് കടന്നുവരണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കച്ചവട ലാഭം മുൻനിർത്തി ഭക്ഷ്യവസ്തുക്കളിൽ വിഷമയമായ രാസ പദാർഥങ്ങൾ ചേർക്കുന്ന പ്രവണത മറികടക്കുന്നതിന് യുവാക്കളുൾപ്പെടെയുള്ളവർ കാർഷിക രംഗത്തേക്ക് കടന്നുവരണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ കോർപറേഷൻ എടക്കാട് സോണൽ ഓഫീസിനോട് അനുബന്ധിച്ച് നിർമ്മിക്കുന്ന കൃഷിഭവൻ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിർത്തി കടന്ന് വരുന്ന ഭക്ഷ്യവസ്തുക്കൾ അതിന്റെ ഭംഗി നോക്കി വാങ്ങുന്നവരാണ് നമ്മൾ. അതിനാൽ ക്യാൻസർ ഇന്ന് സാർവത്രികമാണ്.  ഇത്തരം പ്രതിസന്ധി മറികടക്കാൻ ഭക്ഷ്യ ഉൽപന്നങ്ങൾ വ്യാപകമായി കൃഷി ചെയ്യാൻ എല്ലാവരും തയ്യാറാകണം. ജൈവ പച്ചക്കറികളും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളും സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിക്കുന്നതിന് സർക്കാർ മികച്ച പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ 2016-17 വർഷത്തെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 52.60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കോർപറേഷൻ പരിധിയിൽ വരുന്ന എടക്കാട് കൃഷി ഭവൻ നിലവിൽ പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.  കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കൃഷി ഓഫീസ്, സ്‌റ്റോർ റൂം, ഡൈനിങ് റൂം, കമ്പ്യൂട്ടർ റൂം തുടങ്ങിയവയും മുകൾ നിലയിൽ കുടുംബശ്രീ ഓഫീസും ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് മാസം കൊണ്ട് നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് തീരുമാനം.

  കോർപറേഷൻ മേയർ ഇ പി ലത അധ്യക്ഷയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സി പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ കൗൺസിലർമാരായ എ പി അജിത, എൻ ബാലകൃഷ്ൻ, സുമ ബാലകൃഷ്ണൻ, എം കെ ഷാജി, എം പി മുഹമ്മദലി, പ്രിൻസിപ്പൽ കൃഷി ഓഫീസർ മറിയം ജേക്കബ്, സോണൽ ഓഫീസർ പി കെ സുർജിത്ത്, കൃഷി ഓഫീസർ എൻ കെ ബിന്ദു എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: