തോട്ടട ഗവ.വനിതാ ഐ ടി ഐ യിൽ പച്ചക്കറി കൃഷിയിൽ നൂറ് മേനി കൊയ്ത് വിദ്യാർഥിനികൾ: ആഘോഷമാക്കി വിളവെടുപ്പ്

തോട്ടട ഗവ.വനിതാ ഐ ടി ഐ യിൽ നടത്തിയ പച്ചക്കറി കൃഷിയിൽ വിദ്യാർഥിനികൾ നൂറ് മേനി കൊയ്തു. പച്ചക്കറിയുടെ വിളവെടുപ്പ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പഠനരംഗത്ത് മികവ് പുലർത്തുന്നതുപോലെ വിദ്യാർഥികൾ പാഠ്യേതര രംഗത്തും ഇടപെടണമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ കാർഷിക രംഗത്ത് തങ്ങളുടെ സർഗ്ഗഭാവന വിനിയോഗിച്ചതിന്റെ ഫലമാണ് ഇത്രയും മികച്ച രീതിയിലുള്ള കാർഷിക വിളവെടുപ്പ് നടത്താനായത്. കേരളത്തിന്റെ മനോഹാരിത നമ്മൾ തന്നെ തകർക്കുകയാണ്. ഇത് ഇനി അനുവദിച്ചുകൂടാ. ഇത്തരം പ്രവണതകൾക്കെതിരെ പൗരബോധമുണരണമെന്നും അദ്ദേഹം പറഞ്ഞു.

ഹരിത കേരള മിഷൻ വ്യാവസായിക പരിശീലന വകുപ്പിന്റെ സഹകരണത്തോടെ ഐ ടി ഐ കളിൽ നടപ്പിലാക്കുന്ന ‘ഹരിത ക്യാമ്പസ്’ പരിപാടിയുടെ ഭാഗമായാണ് കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ ഗവ. വനിതാ ഐ ടി ഐ യിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. 50 സെന്റിലധികമുള്ള സ്ഥലത്ത് കോളിഫ്‌ളവർ, കക്കിരി, മുളക്, കാബേജ്, ബജി മുളക്, തക്കാളി, ചീര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് ജൈവവളങ്ങൾ ഉപയോഗിച്ച് വനിത ഐ ടി ഐ ജീവനക്കാരുടെയും പരിശീലകരുടെയും നേതൃത്വത്തിൽ വിദ്യാർഥിനികൾ  ഉൽപാദിപ്പിച്ചത്. ലഭിച്ച വിളകൾ സ്ഥാപനത്തിന്റെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി വരുന്നവ മിതമായ നിരക്കിൽ വിൽപന നടത്തുന്നതിനായി ആഴ്ച്ചചന്ത ആരംഭിക്കാനും വനിതാ ഐ ടി ഐ അധികൃതർക്ക് ആലോചനയുണ്ട്.

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന മാലിന്യ സംസ്‌കരണം സംബന്ധിച്ച നിയമങ്ങൾ ഉൾപ്പെടുത്തിയ കൈ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

കോർപറേഷൻ മേയർ ഇ പി ലത അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ ഹരിത നിയമങ്ങളെ കുറിച്ച് വിശദീകരിച്ചു. കോർപറേഷൻ കൗൺസിലർ എ പി അജിത, കൃഷി അസി.ഡയറക്ടർ എം കെ പത്മം, തോട്ടട ഗവ.ഐ ടി ഐ വൈസ് പ്രിൻസിപ്പൽ കെ പ്രസന്ന, കെ ശ്രീധരൻ, കെ രഞ്ജിത്ത് കുമാർ, സി ശിൽപ, എം പവിത്രൻ എന്നിവർ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: