ജില്ലാ വികസന സമിതി യോഗം

പഴശ്ശി കനാൽ അറ്റകുറ്റപണി: ഒമ്പത് പ്രവൃത്തികൾ ടെൻഡറായി

പഴശ്ശി കനാൽ അറ്റകുറ്റപ്പണിക്കായി നടപ്പുവർഷം സർക്കാറിൽനിന്ന് ഭരണാനുമതി ലഭിച്ച 7.5 കോടി രൂപയുടെ 13 പ്രവൃത്തികളിൽ ഒമ്പതെണ്ണം ടെൻഡർ ചെയ്തതായി എക്‌സിക്യുട്ടീവ് എൻജിനീയർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. നാല് പ്രവൃത്തികൾ സാങ്കേതികാനുമതിക്കായി ചീഫ് എൻജിനീയർക്ക് അയച്ചിട്ടുണ്ട്. 12 പ്രവൃത്തികൾ പഴശ്ശി ഇറിഗേഷനും ഒന്ന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗവുമാണ് നടത്തുന്നത്. 

ജോസ്ഗിരി ടൗണിൽ സ്വകാര്യ വ്യക്തികൾ റോഡ് കൈയേറിയെന്ന വിഷയത്തിൽ, പയ്യന്നൂർ താലൂക്ക് സർവേയർ അതിർത്തി നിർണ്ണയിക്കുന്ന മുറയ്ക്ക് കൈയേറ്റം ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പയ്യന്നൂർ താലൂക്കിലെ ഭൂമി പ്രശ്‌നം പരിഹരിക്കാനായി ഫെബ്രുവരി 11ന് എം.എൽ.എയുടെ അധ്യക്ഷതയിൽ റവന്യു ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചു. 

വളപട്ടണം പാലത്തിന് സമീപത്തെ ഗതാഗതക്കുരുക്ക് കുറക്കാനായി ബലിയപട്ടം ടൈൽസ് ഫാക്ടറിയുടെ സമീപത്തെ റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം തുടരുന്നതായി കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതേത്തുടർന്ന് ഗതാഗതക്കുരുക്ക് കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡിൽ താൽക്കാലിക ഷെഡുകൾ കെട്ടി സ്വകാര്യവ്യക്തികൾ നടത്തിയ ഒമ്പത് കൈയേറ്റങ്ങൾ വ്യക്തികൾ പൊളിച്ചുമാറ്റിയിട്ടുണ്ട്. ലോട്ടറി പെട്ടിക്കടകളും നീക്കിയിട്ടുണ്ട്. ബസ് ബേകളിലും റോഡ് ഷോൾഡറുകളിലും കച്ചവടം ചെയ്യുന്ന പ്രവണത വർധിച്ചതായും അത് നിർത്തലാക്കാൻ ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും സഹായം തേടിയതായും എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

വോൾട്ടേജ് ക്ഷാമം കാരണം ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്ന് മാടായി ഭാഗങ്ങളിൽ കുടിവെള്ളം ലഭ്യമാവുന്നില്ലെന്ന പരാതിയെ തുടർന്ന് വൈദ്യുതി പ്രശ്‌നം കെ.എസ്.ഇ.ബി പരിഹരിച്ചതായും ദിവസവും രണ്ട് മണിക്കൂർ അധിക സമയം പമ്പിംഗ് നടത്തുന്നതായും വാട്ടർ അതോറിറ്റി അറിയിച്ചു. കൂടുതൽ ജലം വിതരണം ചെയ്യാൻ സാധിക്കുന്നതിനാൽ മാടായി പഞ്ചായത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

റോഡ് കട്ടിംഗിനായി പൊതുമരാമത്ത് വകുപ്പിന് വാട്ടർ അതോറിറ്റി നൽകിയ മുഴുവൻ അപേക്ഷകളിലും ഡിമാൻറ് നോട്ടീസ് നൽകിയതായും തുക ഒടുക്കിയവയ്ക്ക് കട്ടിംഗ് അനുമതി നൽകിയതായും പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികൾക്ക് തടസ്സം നേരിടാത്ത വിധത്തിൽ ചില റോഡുകളിൽ തുക ഒടുക്കുന്നതിന് മുമ്പായി തന്നെ അനുമതി നൽകിയിട്ടുണ്ട്. ചെറുതാഴത്തെ നേവൽ അക്കാദമി കുടിവെള്ള പദ്ധതിയുടെ വിശദമായ എൻജിനീയറിംഗ് റിപ്പോർട്ട് സാങ്കേതികാനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. കിഫ്ബി നിർദേശ പ്രകാരം അതത് വകുപ്പുകളുടെ സാങ്കേതികാനുമതിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനായി വകുപ്പുതല യോഗം വാട്ടർ അതോറിറ്റി വിളിച്ചുചേർക്കും.

പയ്യന്നൂർ താലൂക്കിലെ കടന്നപ്പളളിയിൽ 50 സെൻറ് ഭൂമി പരിയാരം പോലീസ് സ്‌റ്റേഷന് വേണ്ടി സ്വന്തം കെട്ടിടവും ക്വാർട്ടേഴ്‌സും നിർമ്മിക്കാൻ ഉപയോഗാനുമതി നൽകി കലക്ടർ പയ്യന്നൂർ തഹസിൽദാർക്ക് ഉത്തരവ് നൽകിയതായി എ.ഡി.എം അറിയിച്ചു.

യോഗത്തിൽ സബ് കലക്ടർ ആസിഫ് കെ. യൂസഫ് അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ സി. കൃഷ്ണൻ, കെ.സി. ജോസഫ്, അഡ്വ. സണ്ണി ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: