ഇനി പുകവലിക്കാന്‍ 21 തികയണം, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ 2000 രൂപ പിഴ; പുകയില നിരോധന നിയമ ഭേദഗതിയുമായി കേന്ദ്രം

സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കിയേക്കും. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി.ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസ്സില്‍ താഴെയുള്ളയാള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയിലോ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്.

നിലവില്‍ 18 വയസ്സാണു പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. ഇതിലാണ് ഭേദഗതി വരുത്തിയത്. ഇതിനു പുറമേ നിര്‍ദേശിച്ചിരിക്കുന്നതിലും വളരെ കുറച്ച്‌ അളവില്‍ പുകയില ഉത്പന്നങ്ങള്‍ നേരിട്ടോ അല്ലാതെയോ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ കുറ്റകരമാണെന്ന വ്യവസ്ഥ കൂടി ചേര്‍ക്കും.

ഇത് ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷംവരെ തടവും പിഴയും അനുഭവിക്കേണ്ടി വരും.

പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടില്‍ പറയുന്നത്. ഇതു കൂടാതെ പുകയില ഉത്പന്നങ്ങളുടെ പരസ്യത്തിലും മറ്റും പങ്കാളിയാകുന്നതും പുകയില ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും കുറ്റമായി കണക്കാക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: