ക്ലിനിക്കൽ എസ‌്റ്റാബ്ലിഷ‌്മെന്റ‌് നിയന്ത്രണ നിയമം പ്രാബല്യത്തിൽ, സ്വകാര്യ മെഡിക്കൽ ലാബുകൾ സർക്കാർ നിയന്ത്രണത്തിൽ

ക്ലിനിക്കൽ എസ‌്റ്റാബ്ലിഷ‌്മെന്റ‌് നിയന്ത്രണ നിയമം ചൊവ്വാഴ‌്ച പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം സ്വകാര്യ മെഡിക്കൽ ലാബുകൾ സർക്കാർ നിയന്ത്രണത്തിലേക്ക‌്. ഈ മേഖലയിലെ ചൂഷണത്തിനും പീഡനത്തിനും പരിഹാരമാകുന്ന നിയമപ്രകാരം മെഡിക്കൽ ലാബുകൾ, എക‌്സ‌്റേ യൂണിറ്റുകൾ, സ‌്കാനിങ്‌ സെന്ററുകൾ, ഡെന്റൽ ക്ലിനിക്കുകൾ തുടങ്ങിയവയെല്ലാം സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ ബാധ്യസ്ഥരാകും.

സംസ്ഥാനത്താകെ ആറായിരത്തോളം ലാബുകളും രണ്ടായിരത്തോളം എക‌്സ‌്റേ യൂണിറ്റുകളും ആയിരത്തോളം സ‌്കാനിങ്‌ സെന്ററുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ‌് ലാബ‌് ഉടമകളുടെ സംഘടനാ ഭാരവാഹികൾ പറയുന്നത‌്. നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വിവരങ്ങളൊഴികെ മറ്റൊന്നും ആരോഗ്യവകുപ്പിനോ, വകുപ്പിന്റെകീഴിലുള്ള വിവിധ ഏജൻസികൾക്കോ ലഭ്യമല്ല. പുതിയ നിയമം പ്രാബല്യത്തിൽവരുന്നതോടെ സ്ഥാപനങ്ങളുടെ നിലവാരവും ജീവനക്കാരുടെ യോഗ്യതയും പരിശോധനാ ഫീസുമെല്ലാം നിയന്ത്രിക്കാനാകും.

ജനുവരി ഒന്നുമുതൽ സ്ഥാപനങ്ങൾ താൽകാലിക രജിസ്ട്രേഷനുള്ള അപേക്ഷ ഓൺലൈനിലൂടെ സമർപ്പിക്കണം. തുടക്കത്തിൽ തൃശൂർ, പാലക്കാട‌്, മലപ്പുറം ജില്ലകളിലും ജനുവരി അവസാനത്തോടെ മറ്റ് ജില്ലകളിലും രജിസ‌്ട്രേഷൻ നടത്താം. രണ്ടുവർഷത്തിനകം സ്ഥിരം രജിസ്ട്രേഷനുള്ള യോഗ്യത നേടുകയും അപേക്ഷ സമർപ്പിക്കുകയുംവേണം. വിദഗ്ധസംഘം സ്ഥാപനങ്ങൾ പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ് സ്ഥിരം രജിസ്ട്രേഷൻ നൽകുക.

വ്യവസ്ഥകൾ ലംഘിക്കുന്നവർക്കും രജിസ‌്റ്റർചെയ്യാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ശിക്ഷാനടപടികളും ആക്ടിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. പൊതുജന പരാതിപരിഹാര വിഭാഗവും പ്രവർത്തിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വ്യക്തമായ രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. രജിസ്റ്റർചെയ്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഓരോ സ്ഥാപനവും ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന ചാർജ്, പ്രത്യേക ചികിത്സാ പാക്കേജിനുള്ള ചാർജ് എന്നിവ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. www.clinicalestablishments.kerala.gov.in പോർട്ടൽവഴിയാണ‌് രജിസ‌്റ്റർചെയ്യേണ്ടത‌്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: