ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.
തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കാരണം കനത്ത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്നും അതിനാല്‍ എല്ലാ കടകളും നാളെ തുറക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്.
ശബരിമലയില്‍ നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്‍മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെയും പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച്‌ പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: