യുവതികള്‍ കയറി എന്നത് വസ്തുത; കയറിയത് തടസം ഉണ്ടാവാത്തതിനാല്‍’: സ്ഥീരികരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി. ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു‍. യുവതികള്‍ ഇതിന് മുന്‍പും ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല.
എന്നാല്‍ ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വിശദമാക്കിയതാണെന്നും മുഖ്യമന്ത്രി വിശദമാക്കി.
നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.
പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: