പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ സേനാ ഓഫീസ് ഉദ്ഘാടനവും പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു

പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിതകര്‍മ സേനാ ഓഫീസ് ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍ നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ മുഖ്യാതിഥിയായി. ഗ്രീന്‍ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ്എ വി ഷീബ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് വി പ്രശാന്ത് അധ്യക്ഷത വഹിച്ചു.  ഹരിത കര്‍മ സേനക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നല്‍കുവാനുള്ള യൂസര്‍ ഫീ മുന്‍കൂറായി അടക്കാനുള്ള സൗകര്യമാണ് ഗ്രീന്‍ പ്രിവിലേജ് കാര്‍ഡിലൂടെ ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ തുക മുന്‍കൂറായി നല്‍കിയാല്‍ രണ്ട് മാസത്തെ യൂസര്‍ ഫീ ഇളവും ആറ് മാസത്തെ തുക നല്‍കിയാല്‍ ഒരു മാസത്തെ യൂസര്‍ ഫീ ഇളവും ലഭിക്കും. ഗ്രീന്‍ പ്രിവിലേജ് കാര്‍ഡ് കൈവശമുള്ള വീട് /സ്ഥാപന ഉടമ,കലണ്ടര്‍ മാലിന്യം ശേഖരിക്കുന്ന സമയത്തും പണം നല്‍കേണ്ടതില്ല. ഈ പദ്ധതിയിലൂടെ ഹരിത കര്‍മ സേനയുടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താം.ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്. സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ട് വിവിധങ്ങളായ പദ്ധതികളും കാമ്പെയിനുകളുമാണ് പഞ്ചായത്ത് നടപ്പാക്കി വരുന്നത്. മാലിന്യം വലിച്ചെറിയപ്പെടാത്ത പഞ്ചായത്ത് എന്ന പേരില്‍ ജനകീയ ശുചീകരണ യജ്ഞം നടന്നു വരികയാണ്. മൂന്ന് വര്‍ഷം കൊണ്ട് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തായി മാറാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ വി കെ അഭിജാത്, സ്ഥിരം സമിതി അധ്യക്ഷരായ കെ ബീന, കെ കെ സുഗതന്‍, വിവിധ വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, ഹരിത കര്‍മ സേനാ അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: