അവസാനത്തെ കൊലയാളിക്കും കൈവിലങ്ങു വീഴുന്നതു വരെ പോരാട്ടം തുടരും: കെ സുധാകരന്‍

കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതോടെ കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎമ്മിന്റേയും മുഖം കൂടുതല്‍ വികൃതമായിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. പിണറായി വിജയന്റെ വീട്ടില്‍ നിന്നോ എ കെ ജി സെന്ററില്‍ നിന്നോ എടുത്ത കാശു കൊണ്ടല്ല, പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് കൊലയാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിനു തടയിടാന്‍ സിപിഎം വെപ്രാളപ്പെട്ടതെന്തിനെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
ഒരു നാടിന്റെയാകെ അരുമകളായ രണ്ട് ചെറുപ്പക്കാരെ, ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സിപിഎമ്മുകാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരും.
സിപിഎമ്മിന്റെ ഏതാനും കൊലയാളികള്‍ അഴിക്കുള്ളിലേക്ക് പോകുമ്പോഴൊന്നും ഞങ്ങളുടെ പോരാട്ടം അവസാനിക്കില്ല.
അവസാനത്തെ കൊലയാളിക്കും കൈവിലങ്ങ് തീര്‍ക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: