കുടുംബ കൂട്ടായ്മകൾ സഭയെ കൂടുതൽ ശക്തമാക്കും.- മാർ ജോർജ് ഞരളക്കാട്ട്

0

​​

പയ്യാവൂർ: സീറോ മലബാർ സഭ സിനഡിന്റെ തീരുമാനപ്രകാരം സഭാ സമൂഹത്തിൽ പുനർ ക്രമീകരണം നടത്തിയിരിക്കുന്ന കുടുംബ കൂട്ടായ്മകൾ സഭയെ കൂടുതൽ ശക്തമാക്കുമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്. സഭയിലെ വിശ്വാസി സമൂഹത്തിലൊന്നാകെ പുതിയ പന്തക്കുസ്ത ഒരുക്കുകയെന്ന ലക്ഷൃത്തോടെ ” ഫാമിലി റിന്യൂവൽ യൂണിറ്റ്സ് ഇൻ തലശേരി ” ( ഫ്രൂട്ട്സ് ) എന്ന പേരിൽ തലശേരി അതിരൂപതയിലെ മുഴുവൻ ഇടവകകളിലേയും എല്ലാ വാർഡുകളിലും പ്രവർത്തനം ആരംഭിക്കുന്ന കുടുംബ കൂട്ടായ്മകളുടെ അതിരുപതാതല ഉദ്ഘാടനം ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങളെ ഉയർത്തിക്കാട്ടി സഭയെ തകർക്കാൻ ശ്രമിക്കുന്ന വിരുദ്ധ ശക്തികൾക്കെതിരെ വിശ്വാസികളുടെ ഐക്യമുറപ്പിക്കാൻ ദൈവ നിയോഗത്താൽ ലഭിച്ച അവസരമാണ് പുത്തനുണർവ്വു നേടുന്ന കുടുംബ കൂട്ടായ്മകളെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. സഭയിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ പരിശുദ്ധാത്മാവ് അദ്ഭുതകരമായി ഇടപെടുമെന്നും, സഭ ദുർബലമാകുന്നുണ്ടോയെന്ന സംശയത്തിന് ഉത്തരമായ സഭാ മക്കൾക്കു വേണ്ടി ദൈവമൊരുക്കിയ കൃപയുടെ സംരക്ഷണമാണ് കുടുംബ കൂട്ടായ്മകളെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ദൈവസ്നേഹം മനുഷ്യരിലേക്ക് പകരുന്നത് കുടുംബങ്ങൾ വഴിയാണെന്നും അത് നിലനിർത്താനാവുന്നത് കുടുംബ കൂട്ടായ്മകളിലൂടെയാണെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം പറഞ്ഞു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നെത്തിയ കുടുംബ കൂട്ടായ്മ യൂണിറ്റ് ഭാരവാഹികൾക്ക് മാർ ജോർജ് വലിയമറ്റം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ചെമ്പേരി ഇടവകയിലെ കിടപ്പു രോഗികളുടെ പരിചരണത്തിനു വേണ്ടി പുതുതായി രൂപം നൽകിയ ലൂർദ്‌ മാതാ നഴ്സിംഗ് മിനിസ്ട്രിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി.സന്നദ്ധ പ്രവർത്തക റെയ്സ് സിബി പുന്നക്കുഴിയിലിന് മെഡിക്കൽ കിറ്റ് കൈമാറി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബ കൂട്ടായ്മ തലശേരി അതിരുപത ഡയറക്ടർ ഫാ.മാത്യൂ ആശാരിപ്പറമ്പിൽ, ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഫ്രൂട്ട്സ് കൺവീനർ ഡോ.എം.ജെ. മാത്യൂ മണ്ഡപത്തിൽ, സിസ്റ്റർ ഗ്രെയ്സ് എൻ.എസ്,അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.തുടർന്നു നടത്തിയ പ്രചോദന ക്ലാസിന് ഡോ.അബ്രാഹം പി.റൂബി (ബംഗളുരു) നേതൃത്വം നൽകി. അതിരൂപതയിലെ 16 ഫൊറോനകളിൽ നിന്നുമായി മൂവായിരത്തോളം പേർ പങ്കെടുത്തു. സ്നേഹവിരുന്നുമുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading