ജില്ലയിലെ ദുരന്ത സാധ്യതാ മേഖലകൾ അടയാളപ്പെടുത്താൻ ജി ഐ എസ് മാപ്പിങ്

ജില്ലയിലെ ദുരന്ത സാധ്യതയുള്ള മേഖലകൾ അടയാളപ്പെടുത്തി ജി ഐ എസ് മാപ്പ് തയ്യാറാക്കും. മണ്ണിടിച്ചിൽ, വെള്ളപ്പൈാക്കം, താമസ യോഗ്യമായ സ്ഥലങ്ങൾ എന്നിവ കണ്ടെത്തി ആവശ്യമായ മുൻകരുതലുകൾ കൈകൊള്ളുന്നതിനാണ് മാപ്പ് തയ്യാറാക്കുന്നത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ആസൂത്രണ സമിതി യോഗത്തിലാണ് തീരുമാനം. ജില്ലയുടെ സമഗ്ര വികസനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഏറ്റെടുക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ ജലസ്രോതസുകൾ നവീകരിക്കാനുള്ള തീരുമാനവും യോഗം കൈകൊണ്ടു. ഇതിനായി ഒരു പഞ്ചായത്ത് കുറഞ്ഞത് ഒരു പുഴയെങ്കിലും നിർദേശിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നെല്ല്, പച്ചക്കറി കൃഷികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകി തരിശ് രഹിത പഞ്ചായത്ത് പദ്ധതി തുടരാനും കൈപ്പാട് കൃഷിക്കും സംയോജിത കൃഷിക്കും കൂടുതൽ പ്രോത്സാഹനം നൽകാനും തീരുമാനിച്ചു. സമ്പൂർണ പാലിയേറ്റീവ് ജില്ല എന്ന ആശയം നടപ്പാക്കും.
ഏഴ് വരെയുള്ള ക്ലാസ് റൂമുകൾ ഹൈടെക് ആക്കുന്നതിനും യു പി സ്‌കൂൾ കുട്ടികൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. ക്ഷീര കർഷകർക്ക് പാലിന് ഉൽപ്പാദന ബോണസ് നൽകുകയും കാൻസർ നിയന്ത്രിത ജില്ലയ്ക്കായി മുൻ വർഷം നടപ്പാക്കിയ പദ്ധതികൾആവശ്യമായ ഭേതഗതികൾ വരുത്തി തുടർ പ്രവർത്തനം നടത്തും. ദുരന്ത നിവാരണ അവബോധം നൽകുന്നതിന് പഞ്ചായത്ത് വാർഡുകളിൽ സേന രൂപീകരിക്കും. ടൂറിസം രംഗത്ത് സാധ്യതയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹോംസേറ്റേകൾ ആരംഭിക്കാൻ പ്രോത്സാഹനം നമൽകാനും യോഗം തീരുമാനിച്ചു.
മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചയത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ പി ജയബാലൻ മാസ്റ്റർ, സുരേഷ് ബാബു, കെ കെ റംല, കെ ശോഭ, മെംബർമാരായ സുമിത്ര ഭാസ്‌കരൻ, അജിത്ത് മാട്ടൂൽ, ആസൂത്രസണ സമിതി അംഗം കെ വി ഗോവിന്ദൻ, പ്ലാനിങ് ഓഫീസർ കെ പ്രകാശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: