വിമാനത്താവളം ഉദ്ഘാടനം: ഗതാഗത ക്രമീകരണമായി 90 ബസ്സുകൾ സൗജന്യ സർവീസ് നടത്തും; സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തുന്നവർക്ക് വേദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് നാലു കേന്ദ്രങ്ങളിൽനിന്ന് 90 ബസ്സുകൾ സൗജന്യ സർവീസ് നടത്താൻ ജില്ലാ കലക്ടർ മീർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സ്വകാര്യ വാഹനങ്ങളിൽ ആളുകൾ ഒന്നിച്ച് വരുമ്പോഴുള്ള ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനു വേണ്ടിയാണിത്. പനയത്താംപറമ്പ്, മട്ടന്നൂർ ഹൈസ്‌കൂൾ- പോളിടെക്ക്‌നിക്ക് ഗ്രൗണ്ടുകൾ, ചാവശ്ശേരി ഹൈസ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങിൽ സ്വന്തം വാഹനങ്ങൾ പാർക്ക് ചെയ്ത് സൗജന്യ ബസ്സുകളിലാണ് വിമാനത്താവളത്തിലും തിരിച്ചും എത്തേണ്ടത്. ഉൽഘാടന ദിവസമായ ഡിസംബർ ഒൻപതിന് രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി വരെ ഇടതടവില്ലാതെ ബസ്സുകൾ സർവീസ് നടത്തും. ഈ സമയത്ത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രത്യേക പാസ്സില്ലാത്ത ഒരു വാഹനവും വിമാനത്താവളത്തിലേക്ക് കടത്തിവിടുന്നതല്ല.
കൂത്തുപറമ്പ, പാനൂർ, വടകര, തലശ്ശേരി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ അഞ്ചരക്കണ്ടി ജംഗ്ഷൻ വഴിയും കണ്ണൂർ, തളിപ്പറമ്പ, പയ്യന്നൂർ, ശ്രീകണ്ഠാപുരം, ഇരിക്കൂർ ഭാഗങ്ങളിൽ നിന്നുംവരുന്ന വാഹനങ്ങൾ ചാലോട് ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞും പനയത്താംപറമ്പിൽ പാർക്ക് ചെയ്യണം. ഇവിടെയെത്തുന്നവരുമായി 50 കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തും. കരുവൻചാൽ, മട്ടന്നൂർ, ശിവപുരം, മരുതായി ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ മട്ടന്നൂർ ഹൈസ്‌കൂൾ ഗ്രൗണ്ട്, മട്ടന്നൂർ പോളിടെക്‌നിക് ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇരിട്ടി, ഉളിക്കൽ, പേരാവൂർ ഭാഗങ്ങളിൽ നിന്നുള്ളവ ചാവശ്ശേരി ഹൈസ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. ഇവിടങ്ങളിൽ നിന്നുള്ളവരെയും ലൈൻ ബസ്സുകളിൽ മട്ടന്നൂർ ബസ്സ്റ്റാന്റിൽ എത്തുന്നവരെയും ഉദ്ഘാടനവേദിയിലേക്കും തിരിച്ചും എത്തിക്കുന്നതിന് 40 സ്വകാര്യ ബസ്സുകളും സജ്ജീകരിച്ചിട്ടുണ്ട്.
അന്നേ ദിവസം സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയ റോഡുകളിലൂടെയും അഞ്ചരക്കണ്ടി ജംഗ്ഷൻ നിന്നും കീഴല്ലൂർ വഴിയും രാവിലെ 6 മണി മുതൽ വൈകുന്നേരം 4 മണി വരെ വിമാനത്താവള ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ മറ്റു സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നതല്ല. ഇതുവഴിയുള്ള മറ്റു യാത്രക്കാർക്കും സൗജന്യ ബസ് സർവീസ് ഉപയോഗിക്കാവുന്നതാണ്. ഉദ്ഘാടനച്ചടങ്ങിനെത്തുന്നവരുടെ സൗകര്യം പരിഗണിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്നും റോഡരികുകളിലും മറ്റു സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും യോഗം അഭ്യർഥിച്ചു.
കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ പോലിസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം എംഎസ്പി കമാന്റന്റ് യു അബ്ദുൽ കരീം, എഎസ്പി ചൈത്ര തെരേസ ജോൺ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ, ആർടിഒ മനോഹരൻ, കിയാൽ മാനേജർ ടി അജയകുമാർ, പോലിസ്, കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സ് ഓണേർസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: