എന്റെ ഭൂമി’ ഡിജിറ്റൽ റീ സർവ്വെക്ക് തുടക്കമായി; ഡിജിറ്റൽ റീ സർവ്വെ കാലഘട്ടത്തിന്റെ ആവശ്യം: സ്പീക്കർ എ എൻ ഷംസീർ

ഡിജിറ്റൽ റീ സർവ്വെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ‘എന്റെ ഭൂമി’ ഡിജിറ്റൽ റീ സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുള്ള 1666 വില്ലേജുകളിൽ 54 ശതമാനം വില്ലേജുകളിലെ ഭൂസർവ്വെ മാത്രമാണ് ഡിജിറ്റലൈസ് ചെയ്യാനായത്. ഡിജിറ്റൽ കാലഘട്ടത്തിൽ പോലും മുഴുവൻ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ സാധിക്കാത്തത് പോരായ്മയാണ്. ഇത് മറികടക്കാനാണ് റവന്യൂ വകുപ്പിന്റെ ശ്രമം. ശാസ്ത്രീയമായി സർവെ നടത്തി നാലു വർഷം കൊണ്ട്  മുഴുവൻ ഭൂരേഖകളും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം. കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കാലതാമസമുണ്ടാകുന്നതിന് പ്രധാന കാരണം ആവശ്യമായ സർവെ നടത്തുന്നതിലെ കാലതാമസമാണ്. ഡിജിറ്റൽ റീ സർവ്വെയിലൂടെ ഇത് പരിഹരിക്കാനാകും. ഓരോ ഭൂമിയുടെയും കൃത്യമായ വിവരങ്ങൾ സർക്കാരിനും പൊതുജനങ്ങൾക്കും എളുപ്പത്തിൽ മനസിലാക്കാനാകും. സർവേ പൂർത്തിയാകുന്നതോടെ സാധാരണ ജനങ്ങൾക്ക് അടിയാധാരം അന്വേഷിച്ച് ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകില്ലെന്നും എല്ലാവരും സർവെയുമായി സഹകരിക്കണമെന്നും സ്പീക്കർ പറഞ്ഞു.ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിലാണ് സർവേ നടത്തുക. കണ്ണൂർ താലൂക്കിൽ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം, തലശ്ശേരി താലൂക്കിൽ തലശ്ശേരി, കോട്ടയം, ഇരിട്ടി താലൂക്കിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ട സർവേ. ഇത് ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രോൺ, ടോട്ടൽ സ്റ്റേഷൻ, ആർ ടി കെ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ എന്നീ ഡിജിറ്റൽ ഉപകരണങ്ങൾ റീ സർവേക്കായി ഉപയോഗിക്കും. ആകാശ കാഴ്ച്ചയിൽ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ആർ ടി കെ സാങ്കേതിക വിദ്യ ഉപയോഗിക്കും. സാറ്റലൈറ്റ് സിഗ്നലുകൾ ലഭ്യമാകാത്ത ഇടങ്ങളിൽ ഇലക്ട്രോണിക് റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ചും സർവ്വേ പൂർത്തീകരിക്കും.ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടർ രാജീവൻ പട്ടത്താരി പദ്ധതി വിശദീകരിച്ചു. തലശ്ശേരി നഗരസഭ കൗൺസിലർ ടി വി റാഷിത ടീച്ചർ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, ജില്ലാ രജിസ്ട്രാർ ബി എസ് ബീന, തഹസിൽദാർ കെ ഷീബ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

എന്റെ ഭൂമി’: കുറ്റമറ്റ രേഖകൾക്കായി ഡിജിറ്റൽ റീ സർവെ
ഭൂമി അതിന്റെ അവകാശികൾക്ക് നിലവിലെ നിയമങ്ങൾക്ക് വിധേയമായി നൂതന സാങ്കേതികവിദ്യകളും സർവ്വെ ഉപകരണങ്ങളും ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ ഡിജിറ്റൽ സർവ്വേ ചെയ്ത് അവകാശികളുടെ പേരിൽ ചേർത്ത് ഭൂരേഖകൾ തയ്യാറാക്കുന്ന പദ്ധതിയാണ് ‘എന്റെ ഭൂമി’ ഡിജിറ്റൽ റീ സർവെ. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുമ്പേ നാട്ടുരാജ്യങ്ങളായ മലബാർ, മദ്രാസ്, തിരുവിതാംകൂർ, കൊച്ചി എന്നിവയിലെ നികുതി പിരിവിന്റെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പത്തടിക്കോലുകൊണ്ട്  ഭൂമി അളന്നുള്ള ഖസറ സർവ്വെയായിരുന്നു അക്കാലത്തെ പരമ്പരാഗത സർവ്വെ രീതി. പിന്നീട് 1882 മുതൽ 1902 കാലഘട്ടത്തിൽ ശാസ്ത്രീയമായി നടന്ന സർവെ, സെറ്റിൽമെന്റ് സർവെ എന്നറിയപ്പെടുന്നു. സെറ്റിൽമെന്റ് സർവെ റിക്കാർഡുകളാണ് ഇന്നും സർവെ, റവന്യൂ പ്രവർത്തനനങ്ങളുടെ അടിസ്ഥാന രേഖയായി കണക്കാക്കുന്നത്. 
റീ സർവെ എന്തിന്?

ഭൂമിയുടെ ക്രയ വിക്രയങ്ങൾ മൂലം ഭൂമിയിലുണ്ടായ മാറ്റങ്ങൾ സർവെ റിക്കാർഡിൽ ഉൾപ്പെട്ട് വരാത്തതിനാൽ സർവെ റിക്കാർഡുകളും ഇന്നത്തെ ഭൂസ്ഥിതിയും തമ്മിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. പല റിക്കാർഡുകളും കാലഹരണപ്പെട്ടതു കൊണ്ട് റിക്കാർഡുകൾ നിലവിലെ റവന്യൂ ഭരണത്തിന് പര്യാപ്തമല്ല. ഇത് പരിഹരിക്കുന്നതിനോടൊപ്പം ഭൂവുടമകൾ തമ്മിലുളള അതിർത്തി അവകാശതർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിനുമാണ് റീ സർവെ ചെയ്യുന്നത്.

ഡിജിറ്റൽ റീ സർവ്വേ ലക്ഷ്യങ്ങൾ

സംസ്ഥാനത്തുള്ള ഓരോ കൈവശ ഭൂമിയുടെയും സ്ഥാനം അതിർത്തി വിസ്തീർണം എന്നിവ നിർണയിക്കുക, സ്വകാര്യവസ്തുക്കളുടെ അതിർത്തി തിരിച്ച് സ്ഥിരമായ സർവ്വേ അടയാളങ്ങൾ സ്ഥാപിച്ച് അതനുസരിച്ച് റിക്കാർഡ് തയ്യാറാക്കി സൂക്ഷിച്ച് ഭൂവുടമകൾ തമ്മിലെ അതിർത്തി തർക്കങ്ങൾ നീതിപൂർവ്വം പരിഹരിക്കുക, വിസ്തീർണ്ണത്തിന് ആനുപാതികമായ നികുതി ഈടാക്കുക, സർക്കാർ അധീനതയിലുള്ള ഭൂമിയുടെ റിക്കാർഡ് തയ്യറാക്കി അനധികൃത കൈയ്യേറ്റങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുക, പട്ടയം നൽകുന്ന നടപടികൾ ലഘൂകരിക്കുക, ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിക്കാവശ്യമായ ഭൂമി കണ്ടെത്തുക, അഡ്മിനിസ്ട്രേറ്റീവ് ബൗണ്ടറി മാപ്പുകൾ കൃത്യമായി തയ്യാറാക്കുക, റവന്യൂ ഭരണം സുഗമമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 

ജനങ്ങളുടെ പങ്കാളിത്തം

റീ സർവെയിൽ ശരിയായ പേരുവിവരങ്ങൾ ചേർത്ത് റിക്കാർഡ് തയ്യാറാക്കിയില്ലെങ്കിൽ ഭാവിയിൽ ഭൂമി സംബന്ധമായ എല്ലാ ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാവും. അത് ഒഴിവാക്കാൻ ഭൂവുടമകൾ സർവെ ഉദ്യോഗസ്ഥരുമായി സഹകരിക്കുക. അതിർത്തികൾ വ്യക്തമായി സ്ഥാപിച്ച് റീ സർവെ സമയത്ത് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുക. വസ്തു സംബന്ധിച്ച ആധാരം, പട്ടയം, പട്ടയ സ്‌കെച്ച് മുതലായ രേഖകൾ ഉദ്യാഗസ്ഥർ ആവശ്യപ്പെടുമ്പോൾ പരിശോധനക്ക് നൽകുക. ഭൂമിയുടെ അതിർത്തിയിൽ സർവെ അടയാളങ്ങൾ സ്ഥാപിക്കുന്നതിന് സഹകരിക്കുക, സർവേ പൂർത്തീകരണത്തിന് മുമ്പായി കരട് സർവെ റിക്കാർഡ് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പിക്കുക,  അപാകതകൾ ഉണ്ടെങ്കിൽ സമയപരിധിക്കകം പരിഹരിക്കുക എന്നിവയും ചെയ്യണം.

റിക്കാർഡുകൾ എവിടെ ലഭിക്കും

റീസർവെ പൂർത്തിയാക്കിയ വില്ലേജുകളുടെ റിക്കാർഡുകൾ തിരുവനന്തപുരം സെൻട്രൽ സർവെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ബന്ധപ്പെട്ട താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവടങ്ങളിൽ നിന്ന് അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ നൽകി നിശ്ചിത ഫീസടച്ച് കൈപ്പറ്റാവുന്നതാണ്.  മുൻ സർവെ റിക്കാർഡുകൾ സെൻട്രൽ സർവെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: