അടച്ചിടല്‍ക്കാലം ഇനി പഴങ്കഥ: അറിവിന്റെ മധുരം നുകരാന്‍ അവര്‍ തിരികെയെത്തി

മാനും മയിലും തത്തയും കുരങ്ങനും മുയലും  പൂമ്പാറ്റകളും നിറഞ്ഞ വര്‍ണ്ണച്ചുവരുകള്‍, ബലൂണുകളും വര്‍ണ്ണത്തോരണങ്ങളും തൂക്കിയ ക്ലാസ്സ് മുറികള്‍. കൃത്യമായ അകലത്തില്‍ വലിച്ചിട്ട കൊച്ചു ബെഞ്ചുകളുടെ രണ്ടറ്റത്തായി അവര്‍ ഇരുന്നു. നീണ്ട ഇടവേളക്ക് ശേഷം സ്‌കൂളിലെത്തിയതിന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും കണ്ണുകളില്‍. രണ്ടാംക്ലാസ്സുകാരി അഷ്മി മോള്‍ തന്റെ കൊച്ചുബാഗ് തുറന്നു. പുസ്തകങ്ങള്‍ക്കൊപ്പം ബാഗില്‍ സാനിറ്റൈസറും ഹാന്‍ഡ് വാഷും മാസ്‌കുകളും. അഷ്മിയുടെ മാത്രമല്ല സ്‌കൂളിലെത്തിയ മുഴുവന്‍ കുട്ടികളുടെയും ബാഗുകളില്‍ പുസ്തകങ്ങള്‍ക്കും പെന്‍സിലിനുമൊപ്പം കൊവിഡ് പ്രതിരോധ സാമഗ്രികളുമുണ്ട്. ഇനിയുള്ള കാലം കരുതലോടെ പഠിക്കാനുള്ളതാണ്. ‘എത്രകാലമായി ഇങ്ങനെ ക്ലാസ്സിലിരിക്കാന്‍ കാത്തിരിക്കുന്നു. കൂട്ടുകാരെയും ടീച്ചര്‍മാരെയും എല്ലാരെയും കണ്ടു. വല്യ സന്തോഷായി-അഷ്മിയുടെ വാക്കുകള്‍.
കൊവിഡ് കാലത്തെ കാലക്കേടുകളുടെ കഥ മാറ്റിയെഴുതി സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു. ആര്‍പ്പുവിളികളും ആരവങ്ങളും ഇത്തിരി ഒതുക്കിയെങ്കിലും ബലൂണുകള്‍ക്കും തോരണങ്ങള്‍ക്കും കുറവുണ്ടായില്ല. നവാഗതര്‍ക്ക് സ്വാഗതമോതുന്ന ബോര്‍ഡുകള്‍, വര്‍ണക്കടലാസും കുരുത്തോലയും കൊണ്ടുള്ള തോരണങ്ങള്‍. പ്രവേശനോത്സവ പകിട്ടിന് ഒരു കുറവും വിദ്യാലയങ്ങള്‍ വരുത്തിയില്ല. ഒരുമാസം മുമ്പെ അധ്യാപകരും പിടിഎയും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ജനകീയ ഉത്സവമാക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കുട്ടികള്‍ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും കൃത്യമായി നടപ്പാക്കുന്നതില്‍ ആരോഗ്യ, വിദ്യാഭ്യാസ, പൊലീസ് വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സജീവമായി ഇടപെട്ടു.
ചെറുതാഴം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തിയ കൂട്ടുകാരെ കൈകളില്‍ സാനിറ്റൈസര്‍ പൂശിക്കൊണ്ടാണ് എസ് പി സി അംഗങ്ങള്‍ വരവേറ്റത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയും വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യനും മറ്റ് ജനപ്രതിനിധികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് വൃക്ഷത്തൈകള്‍ സമ്മാനിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാലയമുറ്റത്തേക്ക് സ്വീകരിച്ചു. എല്ലാവരും ചേര്‍ന്ന് അക്ഷരദീപം തെളിയിച്ചതോടെ ഒന്നര വര്‍ഷത്തെ ഇടവേളക്കു വിരാമമായി. കരുതലിന്റെ പുതിയ പാഠങ്ങളുമായി അവര്‍ വീണ്ടും ക്ലാസ്സ് മുറികളിലേക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: