ആർ.ടി. ഓഫീസിൽ മോഷണം നടത്തിയ ആൾ പിടിയിൽ

മട്ടന്നൂർ: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഓഫീസിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. എളമ്പാറ സ്വദേശി കെ.കെ.പ്രജീഷിനെ(32)യാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിലേരി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മാലൂർ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് മട്ടന്നൂരിലും മോഷണം നടത്തിയത് പോലീസിനോട് പറഞ്ഞത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിയെയും കൊണ്ട് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഓഫീസിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മട്ടന്നൂർ കോളേജിന് സമീപമുള്ള ഓഫീസിലാണ് ഒരുമാസം മുൻപ് മോഷണം നടന്നത്. ഓഫീസിലെ വൈദ്യുതിവാഹനങ്ങൾ ചാർജ് ചെയ്യുന്ന ചാർജിങ് മെഷിനുകളും വാഹനങ്ങളുടെ അഞ്ച് താക്കോലുകളുമാണ് മോഷ്ടിച്ചത്. ഏതാണ്ട് 75,000 രൂപയോളം വരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
ഓഫീസിൽ എ.സി. സ്ഥാപിക്കാനായി ചുമരിലെടുത്ത വിടവിലൂടെയാണ് പ്രതി അകത്തുകടന്ന് മോഷണം നടത്തിയത്. ഇയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.