കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയാന്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ; നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കും

കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന തലത്തില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ രോഗവ്യാപനം ശക്തമായ പ്രദേശങ്ങളിലാണ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളോടെ ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയമിക്കുക. 
കൊവിഡ് വ്യാപനം തടയാന്‍ നിലവിലുള്ള ആരോഗ്യം, റവന്യൂ, പോലിസ്, എല്‍എസ്ജിഡി ഉദ്യോഗസ്ഥരടങ്ങിയ സംവിധാനത്തെ ശക്തിപ്പെടുത്താനാണിത്. മാസ്‌ക് ധാരണം, സാമൂഹ്യ അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയ ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തുക, ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതു പരിപാടികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ക്കശമാക്കുക തുടങ്ങിയവയാണ് സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ ചുമതല. ചുമതല ഏല്‍പ്പിക്കപ്പെടുന്ന ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് അവരുടെ കീഴിലെ ജീവനക്കാരെയും സംവിധാനങ്ങളെയും പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 
കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കും. പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു തവണ മുന്നറിയിപ്പ് നല്‍കും. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും അവിടേക്കുള്ള വൈ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 
ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാനുള്ള എല്ലാ മാര്‍ഗങ്ങളും ആരായുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് കര്‍ശനമായി തടയും. ലോക്ക് ഡൗണ്‍ കാലത്തെന്ന പോലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: