സ്‌നേഹില്‍ കുമാര്‍ സിംഗ് കണ്ണൂർ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ …തിങ്കളാഴ്ച ചാർജെടുക്കും.

കണ്ണൂര്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായി സ്‌നേഹില്‍ കുമാര്‍ സിംഗ് നിയമിതനായി. 2016 കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജില്ലയിലെ പ്രധാന വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും വിവിധ വകുപ്പുകള്‍ക്കിടയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായാണ് കണ്ണൂര്‍ ഉള്‍പ്പെടെ മുനിസിപ്പല്‍ കോര്‍പറേഷനുള്ള ആറ് ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഡിഡിസിമാരെ നിയമിച്ചത്.

ദുരന്ത നിവാരണം, പ്രളയ പുനരധിവാസം, തെരഞ്ഞെടുപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട ജില്ലാ കലക്ടര്‍മാരെ വികസന പദ്ധതികളുടെ കാര്യത്തില്‍ ഡിഡിസി സഹായിക്കും.

ജില്ലയിലെ വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ച് വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ വഴി പ്രതിമാസ റിപ്പോര്‍ട്ട് നല്‍കുക, ജില്ലയുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിന് അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക, പോലിസ് ഉള്‍പ്പെടെയുള്ള നിയമപാലന ഏജന്‍സികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ജില്ലാ കലക്ടറെ സഹായിക്കുക, ജില്ലാ പ്ലാനിംഗ് ഓഫീസുമായി സഹകരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ഡിഡിസിയുടെ ചുമതല.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുണ്ടായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: