വിദ്യാഭ്യാസമേഖലയില്‍ ദേശീയതലത്തില്‍ കേരളം ഒന്നാമത്, വിജയകാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് വിദ്യാഭ്യാസമന്ത്രി

തിരുവന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് ഒന്നാമതെത്തിയ മികവിലാണ് കേരളം. നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. വിദ്യാര്‍ത്ഥികളുടെ മികച്ച പഠനഫലം, നല്ല ഫലം നേടാന്‍ സഹായിച്ച ഭരണപ്രക്രിയകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സംസ്ഥാനത്തിന്റെ പ്രകടനം വിലയിരുത്തിയത്. പഠനഫലങ്ങളെ തന്നെ നാലായി തിരിച്ചായിരുന്നു ഗുണനിലവാര പട്ടിക തയ്യാറാക്കല്‍. വിദ്യാര്‍ത്ഥികളുടെ പരി‍ജ്ഞാനം, പ്രവേശന മികവ്, പഠനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ,അവയുടെ തുല്യമായ വിതരണം എന്നിവയാണ് കണക്കിലെടുത്തത്. ഇതില്‍ വിദ്യാര്‍ത്ഥികളുടെ പഠനമികവ് ആണ് കൂടുതല്‍ മാര്‍ക്ക് നേടുന്നതിന് കേരളത്തിലെ സ്കൂളുകളെ പ്രാപ്തമാക്കിയത്.
ഈ വിഭാഗത്തില്‍ രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

വലിയ സംസ്ഥാനങ്ങളില്‍ 36.4 ശതമാനം സ്‌കോര്‍ നേടിയ ഉത്തര്‍പ്രദേശാണ് അവസാന സ്ഥാനത്ത്. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളും സൂചികയില്‍ മികച്ച പ്രകടനത്തോടെ മുന്നിലെത്തി. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
76.6 ശതമാനത്തോടെയാണ് കേരളം നീതി ആയോഗിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അവസാന സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 36.4 ശതമാനം മാത്രമേ നേടാനായൂള്ളു. ചെറു സംസ്ഥാനങ്ങളുടെ പട്ടികയില്‍ മണിപ്പൂര്‍, ത്രിപുര, ഗോവ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അരുണാചല്‍ പ്രദേശാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢും, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയും ഡല്‍ഹിയും സൂചികയുടെ മുന്‍നിരയില്‍ ഇടം നേടിയപ്പോള്‍ ലക്ഷദ്വീപ് ഏറ്റവും പിന്നിലായി.
aaw.jpg
ശ്രദ്ധ, മധുരം മലയാളം, സുരിലി ഹിന്ദി, ഗണിതം വിജയം തുടങ്ങിയ സംരംഭങ്ങള്‍ അക്കാദമിക് നിലവാരം ഗണ്യമായി ഉയര്‍ത്താന്‍ സംസ്ഥാനത്തെ സഹായിച്ചതായി വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറയുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികളെ പുതിയ വിജ്ഞാന മേഖലകള്‍ തേടാന്‍ സഹായിച്ചുകൊണ്ട് സ്കൂള്‍ പാഠ്യപദ്ധതിക്ക് മാറ്റം വരുത്തി. ഒപ്പം തന്നെ ശരാശരിയിലും താഴെയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാനും പ്രത്യേകം ശ്രദ്ധ ചെലുത്തിയതായും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയിലെ പഠന-സംസാര വൈദഗ്ദ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു മധുരം മലയാള സംരംഭം. എല്ലാ അപ്പര്‍ പ്രൈമറി സ്കൂളുകളിലും ഹിന്ദി പഠനം മെച്ചപ്പെടുത്തുന്നതിനായി സുരിലി ഹിന്ദി അവതരിപ്പിച്ചു. കണക്കില്‍ പിന്തുണ വേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി ഗണിതം വിജയം എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2016-17 വര്‍ഷത്തെ പ്രകടനം അനുസരിച്ചാണ് ഇപ്പോഴത്തെ ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഇതിനായി പഠന സാഹചര്യങ്ങള്‍ പ്രകടനം അടക്കം മുപ്പത് ഘടകങ്ങള്‍ നീതി ആയോഗ് പരിഗണിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു പോകുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സംസ്ഥാനത്തിന് ലഭിച്ച ഈ നേട്ടം. ഈ ഉജ്ജ്വല നേട്ടത്തിന് കാരണക്കാരായ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ ഏറ്റെടുത്ത പൊതുജനങ്ങള്‍- എല്ലാവര്‍ക്കും നിറഞ്ഞ ഹൃദയത്തോടെ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

‘ഫലപ്രാപ്തി അധിഷ്ഠിത പാഠ്യപദ്ധതി മാറ്റി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ആധുനിക പാഠ്യപദ്ധതി എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നടപ്പാക്കി. പരീക്ഷയ്ക്കായി ഇത്രമാത്രം പഠിച്ചാല്‍ മതി എന്ന സങ്കല്‍പ്പത്തിന്‌ പകരം ഓരോ വിദ്യാര്‍ഥിയുടെയും ശേഷിക്ക്‌ അനുസൃതമായി വളരാനുള്ള വഴിതെളിക്കുന്നതാണ്‌ പുതിയരീതി. ഭാഷ, ഗണിതശാസ്ത്ര വിഷയങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ പ്രത്യേക പദ്ധതിയുണ്ടാക്കി.
മധുരം മലയാളം, ഹലോ ഇംഗ്ലീഷ്‌, സുരീലി ഹിന്ദി പദ്ധതികളിലൂടെ കുട്ടികളുടെ ഭാഷാശേഷി പരിപോഷിപ്പിച്ചു. കണക്കിനെ പേടിച്ചിരുന്ന കുട്ടികളെ ‘ഗണിതം വിജയ’ത്തിലൂടെ അക്കങ്ങളുമായി ചങ്ങാത്തത്തിലാക്കി. പത്താം ക്ലാസ്‌ വരെയുള്ള കുട്ടികളുടെ ഏതുതരം പിന്നോക്കാവസ്ഥയും പരിഹരിക്കാന്‍ ‘ശ്രദ്ധ’ പദ്ധതി നടപ്പാക്കി. ശാസ്ത്ര വിഷയങ്ങളില്‍ താല്‍പ്പര്യം വളര്‍ത്താന്‍ സ്കൂളുകളില്‍ ഹൈടെക് ലാബുകളും ശാസ്ത്ര പാര്‍ക്കും സ്ഥാപിച്ചു. 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കി. പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് നിര്‍മാണം പുരോഗമിക്കുന്നു. എല്ലാ സ്കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ്‌ കേരളം’-അദ്ദേഹം വ്യക്തമാക്കി.

manthri.jpg

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: