കടമ്പൂർ പഞ്ചായത്തിൽ ഇനി ഹരിതകല്യാണം; ഹരിതകര്‍മസേന നല്‍കും പാള പ്ലേറ്റുകള്‍

കണ്ണൂർ: 1000 ആളുകൾ പങ്കെടുക്കുന്ന ഒരു സദ്യക്ക് പായസത്തിനും കുടിവെള്ളത്തിനുമായി രണ്ടായിരത്തിലധികം ഡിസ്പോസിബിൾ ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. പ്ലേറ്റുകൾ വേറെയും. ഭക്ഷണത്തിനുശേഷം ഐസ് ക്രീമുണ്ടെങ്കിൽ ഗ്ലാസുകളുടെ എണ്ണം ഇരട്ടിക്കും. കല്യാണ വീടുകളിൽ നിന്നുള്ള മാലിന്യം ഒഴിവാക്കാൻവേണ്ടി കടമ്പൂർ പഞ്ചായത്ത് ആസൂത്രണംചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത കല്യാണം.
പഞ്ചായത്തിലെ 12-ാം വാർഡായ ആഡൂരിലാണ് ആദ്യവിവാഹം നടന്നത്. ആഡൂരിലെ വിനയത്തിൽ കെ.വിനോദിന്റെയും വിജുകുമാരിയുടെയും മകൾ വിസ്മയ വിനോദിന്റെയും വൈശാഖ് ശശിയുടെയും വിവാഹമാണ് ഡിസ്പോസബിൾ ഗ്ലാസുകളും പ്ലേറ്റുകളും ഇല്ലാതെ നടന്നത്. പഞ്ചായത്തിലെ ഹരിതകർമസേനയുടെ സഹായത്തോടെയായിരുന്നു വിവാഹം.
പഞ്ചായത്ത് രൂപവത്കരിച്ച സേനയിൽ 11 അംഗങ്ങളാണുള്ളത്. എല്ലാവരും സ്ത്രീകൾ. എല്ലാവർക്കും പ്രത്യേക യൂണിഫോമുണ്ട്. സദ്യക്കാവശ്യമായ കുപ്പിഗ്ലാസുകൾ ഇവർ കൊണ്ടുവരും.
2000 ഗ്ലാസുകളാണ് ഈ കല്യാണത്തിന് ഇവർ എത്തിച്ചത്. ഐസ് ക്രീമിനായി കമുകിന്റെ പാളപ്ലേറ്റുകൾ വേറെയും. വീട്ടുകാർക്ക് ആവശ്യമാണെങ്കിൽ സിറാമിക് പ്ലേറ്റുകൾ വേറെയും കൊണ്ടുവരും. കഴുകാനുള്ള ബുദ്ധിമുട്ടാണ് ആളുകളെ ഡിസ്േപാസബിൾ ഗ്ലാസുകളിലേക്ക് ആകർഷിക്കുന്നത്. ഇവിടെ ആ പ്രശ്നമില്ല. ഹരിതകർമസേന പ്രവർത്തകർ തന്നെ ഇത് കഴുകും. വീട്ടുകാർ ആവശ്യപ്പെട്ടാൽ സദ്യ വിളമ്പാനും ഇവർ ഒരുക്കമാണ്.
ഹരിതകർമസേന
സ്ത്രീകളുടെ ഒരു കൂട്ടായ്മയാണ് ഇത്. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലെത്തിക്കുന്നത് ഇവരാണ്. ഈ സേനയെ ഒരു സംരംഭകരാക്കി മാറ്റുകയാണ് ഇപ്പോൾ പഞ്ചായത്ത് ചെയ്തത്.
ഇതുവഴി ഇവരുടെ വരുമാനം വർധിപ്പിക്കുകയും പഞ്ചായത്തിനെ മാലിന്യമുക്തമാക്കുകയുമാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശനാണ് ഈ ആശയത്തിനു പിന്നിൽ. വൈസ് പ്രസിഡന്റ് എ.വിമലാദേവി ഇവർക്കുവേണ്ട എല്ലാ പിന്തുണയും നൽകുന്നു.
ആളുകൾ ആവശ്യപ്പെടുകയാണെങ്കിൽ ഹരിതകല്യാണത്തിനായി പഞ്ചായത്തിന് പുറത്തും പ്രവർത്തിക്കാൻ ഇവർ തയ്യാറാണ്. ഫോൺ: 9847960725, 9544065607.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: